മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആളോഴിഞ്ഞ് ശബരിമല

Jaihind Webdesk
Sunday, January 13, 2019

മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആളോഴിഞ്ഞ് ശബരിമല പൂങ്കാവനം. തീര്‍ത്ഥാടകര്‍ കുറയുന്നത് ദേവസ്വം ബോര്‍ഡിനെയും ആശങ്കയിലാക്കുന്നു. അതേ സമയം മകരവിളക്ക് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. നാളെ വൈകിട്ട് ആണ് മകരജ്യോതി തെളിയുക.

മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പര്‍ണ്ണശാലകള്‍ കെട്ടി അയ്യപ്പന്‍മാര്‍ കാത്തിരിപ്പ് ആരംഭിച്ചു. മകരജ്യോതി ദര്‍ശിച്ച് മടങ്ങും വരെ തീര്‍ത്ഥാടകരുടെ ഊണും ഉറക്കവുമെല്ലാം ഈ പര്‍ണ്ണശാലകളില്‍ തന്നെയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഇത്തവണ പര്‍ണ്ണശാലകള്‍ കെട്ടുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറവാണ്.

നാളെ വൈകിട്ടാണ് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരുക. ദീപാരാധനയ്ക്ക് ശേഷം 7.52 ന് മകരസംക്രമ പൂജ നടക്കും. സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള പ്രസാദ ശുദ്ധിക്രിയകള്‍ ഇന്നലെ ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ഇന്ന് ഉച്ച പൂജയ്ക്ക് മുന്നോടിയായി ബിംബശുദ്ധിക്രിയകളും നടക്കും.

മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.