എസ്.ഡി.പി.ഐ ഭീകരര്‍ വെട്ടിവീഴ്ത്തിയത് ചാവക്കാടിന്റെ സ്വന്തം നൗഷാദിക്കായെ

Jaihind Webdesk
Wednesday, July 31, 2019

പുന്ന നൗഷാദ്, കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ പുന്നയിലെ മുഖമായിരുന്നു നൗഷാദ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ നിലയ്ക്കാത്ത ഊര്‍ജ്ജത്തിന്റെ പോരാളിയായിരുന്നു നാട്ടുകാര്‍ക്കും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പുന്ന നൗഷാദ്. എസ്.ഡി.പി.ഐയുടെ രാഷ്ട്രീയമേഖലയായിരുന്ന പുന്നയെ അതില്‍ നിന്ന് മോചിപ്പിച്ച് കോണ്‍ഗ്രസിനൊപ്പം നിര്‍ത്തിയ കാലം മുതല്‍ക്കേ വര്‍ഗ്ഗീയവാദികളുടെ കണ്ണിലെ കരടായി മാറി പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദ്. എസ്.ഡി.പി.ഐ നടപ്പാക്കിയ ക്രൂരമായ കൊലപാതകത്തില്‍ മറ്റേതെങ്കിലും പാര്‍ട്ടികളുടെ പങ്കുണ്ടോയെന്ന സംശയം ബലപ്പെടുന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്.

അതുകൊണ്ടുതന്നെ ചാവക്കാട്ടുകാര്‍ക്ക് നൗഷാദ് പുന്നയുടെ മരണ വാര്‍ത്ത വിശ്വസിക്കാനാവുന്നില്ല. വാര്‍ത്തകേട്ട് വിറങ്ങലിച്ചു നില്‍ക്കുകയാണ് ഒരു നാടും അവിടത്തെ ജനങ്ങളും. ചാവക്കാട്ടെ കോണ്‍ഗ്രസുകാരുടെ സംരക്ഷകനായിരുന്നു പുന്ന നൗഷാദ്. രാഷ്ട്രീയ, ജീവകാരുണ്യ രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യം. നാട്ടുകാരുടെ സ്‌നേഹകാരണത്തെയാണ് ഇരുട്ടിന്റെ മറവില്‍ വലിയൊരു സംഘം എസ്.ഡി.പി.ഐ ഭീകരര്‍ അരിഞ്ഞെടുത്തത്.

എന്നും നെഞ്ചോട് ചേര്‍ത്തുവെയ്ക്കാന്‍ ഒരുപാട് ഓര്‍മ്മകള്‍ ബാക്കിവെച്ചാണ് നൗഷാദിന്റെ അകാലത്തിലെ യാത്ര. പ്രളയകാലത്തെ നൗഷാദിന്റെ പ്രവര്‍ത്തനങ്ങളും മാതൃകയായിരുന്നു. ആ സമയത്തെ ബലിപെരുന്നാള്‍ നൗഷാദ് ആചരിച്ചത് പ്രളയബാധിതര്‍ക്ക് ഒപ്പമായിരുന്നു. അന്ന് നൗഷാദ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
‘ത്യാഗം തന്നെയാണ് ബലിപെരുന്നാളിന്റെ സന്ദേശം. ഈ സമയവും കടന്ന് പോകും. നാം അതിജീവിക്കുക തന്നെ ചെയ്യും. ഒരുക്കി വെച്ചതെല്ലാം ഒലിച്ചു പോയവരെ അകമഴിഞ്ഞ് ചേര്‍ത്തുപിടിക്കുന്നതാവട്ടെ ഇത്തവണത്തെ പെരുന്നാള്‍ ആഘോഷം’ പ്രതിസന്ധികള്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്ന് നൗഷാദ് വിശ്വസിച്ചിരുന്നു. ദുരിതബാധിതര്‍ക്ക് എന്നും ആശ്വാസമായും കൈത്താങ്ങായും നിന്ന നൗഷാദിനെക്കുറിച്ച നല്ല കഥകള്‍ മാത്രമേ നാട്ടുകാര്‍ക്ക് പറയാനുള്ളൂ.