
അഴിമതി, കൈക്കൂലി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ജയില്‍ ഡിഐജി വിനോദ് കുമാറിനെതിരെ നടപടി വൈകുന്നതിലൂടെ സര്‍ക്കാര്‍ അഴിമതി കേസുകളില്‍ സ്വീകരിക്കുന്ന സമീപനം വീണ്ടും ചര്‍ച്ചയാകുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും, ഭരണപരമായ യാതൊരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. അന്വേഷണ വിധേയനായ ഉദ്യോഗസ്ഥന് സര്‍വീസില്‍ തുടരുന്നത് തന്നെ ഭരണകൂടത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. മുന്‍പ്, സമാനമായി അഴിമതി, അനധികൃത സ്വത്ത് സമ്പാദനം,തൃശൂര്‍ പൂരം കലക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉള്‍പ്പെട്ട എഡിജിപി എം.ആര് അജിത് കുമാര്‍ കേസിലും കാര്യമായ നടപടികളൊന്നും തന്നെ സ്വീകരിച്ചിരുന്നില്ല. കാരണം അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രിയ പുത്രനായിരുന്നു. ആരോപണങ്ങള്‍ നിലനില്‍ക്കേ തന്നെ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ നിലപാട് അന്നും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോള്‍ വിനോദ് കുമാര്‍ കേസിലും അതേ മാതൃക ആവര്‍ത്തിക്കപ്പെടുകയാണ്.
അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരെ അന്വേഷണ കാലയളവില്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത്, അന്വേഷണത്തിന്റെ സ്വതന്ത്രതയേയും വിശ്വാസ്യതയേയും ബാധിക്കുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് കൈക്കൂലി ഇടപാടുകള്‍ പോലുള്ള ഗുരുതര ആരോപണങ്ങള്‍ നിലനില്ക്കുമ്പോള്, അഡ്മിനിസ്ട്രേറ്റീവ് നടപടികള്‍ വൈകുന്നത് സര്‍ക്കാര്‍ അഴിമതി വിരുദ്ധ വാഗ്ദാനങ്ങളെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍, അഴിമതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നുവെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന കേസുകളില്‍ കാണുന്ന മൗനം ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശക്തമാക്കുകയാണ്. ‘അടുത്ത അജിത് കുമാര്‍’ എന്ന വിശേഷണത്തിലേക്ക് വിനോദ് കുമാര്‍ കേസും നീങ്ങുമോ എന്നുള്ളത് ഒരു മൂര്‍ച്ചയേറിയ ചോദ്യമാണ്. വിജിലന്‍സ് റിപ്പോര്ട്ടിന്മേല് എപ്പോള്‍ സര്‍ക്കാര്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളുമെന്നതാണ് ഇനി നിര്‍ണായകം. നടപടി ഇനിയും വൈകിയാല്‍, അഴിമതി കേസുകളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം ഭരണകൂടത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുമെന്ന് ഉറപ്പ്.