ഡോക്ടര്‍മാരുടെ സമരം : ബംഗാളില്‍ നവജാതശിശു ചികിത്സ ലഭിക്കാതെ മരിച്ചു

Friday, June 14, 2019

പശ്ചിമബംഗാളില്‍ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചു. കഴിഞ്ഞ നാല് ദിവസമായി പശ്ചിമബംഗാളില്‍ ഡോക്ടർമാർ സമരത്തിലാണ്. തന്‍റെ കുട്ടി മരിക്കാനിടയായത് ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കാത്തതിനാലാണെന്ന് കുട്ടിയുടെ പിതാവ് അഭിജിത് മാലിക്ക് ആരോപിച്ചു. ജൂണ്‍ 10 നാണ് ഡോക്ടർമാരുടെ സമരം ആരംഭിച്ചത്.

ജൂണ്‍ 11 ജനിച്ച കുട്ടിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചതോടെ ചികിത്സ ലഭിക്കാതെ കുട്ടിയുടെ അവസ്ഥ വഷളാവുകയായിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാർ പറഞ്ഞത്. സമീപത്തുള്ള നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കുട്ടിയെ ചികിത്സിക്കാന്‍ ആരും തയാറായില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. തുടര്‍ന്ന് ജൂണ്‍ 13ന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ബംഗാള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും പിതാവ് കുറ്റപ്പെടുത്തി.

ജൂണ്‍ 10ന് കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ മർദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാർ സമരം ആരംഭിച്ചത്. തങ്ങള്‍ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. സമരം അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടെങ്കിലും തങ്ങള്‍ക്ക് സംരക്ഷണം ലഭിക്കാതെ തിരികെ ജോലിയില്‍ പ്രവേശിക്കില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാർ. പ്രതിഷേധസൂചകമായി എന്‍.ആര്‍.എസ് ആശുപത്രിയിലെ 108 ഡോക്ടര്‍മാര്‍ രാജിവെച്ചിട്ടുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മറ്റ് ആശുപത്രികളിലെ ഡോക്ടര്‍മാരും രംഗത്തെത്തിയതോടെ രോഗികള്‍ ദുരിതത്തിലായിരിക്കുകയാണ്. ജൂണ്‍ 17ന് അഖിലേന്ത്യാ തലത്തില്‍ ഡോക്ടര്‍മാരുടെ പണിമുടക്കിന് ഐ.എം.എയും ആഹ്വാനം ചെയ്തിട്ടുണ്ട്.