വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ മാറ്റം വരുത്താനൊരുങ്ങി അധികൃതർ. സ്റ്റാറ്റസിൽ അൽഗോരിതം കൊണ്ടു വന്നാണ് പുതിയ പരീക്ഷണത്തിന് അധികൃതർ ഒരുങ്ങുന്നത്.
സാധാരണ ഗതിയിൽ സ്റ്റാറ്റസുകൾ അപ്‌ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുള്ളവരിൽ ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത സ്റ്റാറ്റസാകും നമുക്ക് ദൃശ്യമാകുക. ഇതിൽ പുതിയ അൽഗോരിതം കൊണ്ടുവരുകയാണ് അധികൃതർ. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുൻഗണന നൽകുകയെന്നതാണ് പുത്തൻ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യ, ബ്രസീൽ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ പരീക്ഷണത്തിൻറെ ആദ്യ ഘട്ടം നടത്തുകയാണെന്നാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐ ഫോൺ ഉപയോക്താക്കളെയാണ് ഇതിനായി കൂടുതലായും തെരഞ്ഞെടുത്തിട്ടുള്ളത്. വാർത്തകൾ-പോലുള്ള സ്റ്റാറ്റസുകൾക്ക് പ്രാധാന്യം നൽകാനും വാട്‌സാപ്പ് പദ്ധതിയുണ്ട്. മാത്രമല്ല സ്റ്റാറ്റസുകൾ കണ്ടവരുടെ കണക്ക് വിവരങ്ങൾ ലഭ്യമാക്കലും പുത്തൻ അൽഗോരിതം സാധ്യമാക്കിയേക്കും.
നിലവിൽ ഫേസ്ബുക്ക്-ഇൻസ്റ്റഗ്രാം പോലുള്ള ആപ്പുകളിൽ ഇതിനുള്ള സംവിധാനം ഉണ്ട്. ഇൻസൈറ്റിൽ കയറിയാൽ ആരൊക്കെ, എത്ര തവണ കണ്ടു എന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. എന്നാൽ വാട്‌സാപ്പിൽ അതിന് വഴിയില്ല. പുത്തൻ അൽഗോരിതം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചാൽ വാട്‌സാപ്പിലും അത്തരം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫേസ്ബുക്ക്- ഇൻസ്റ്റഗ്രാം ആപ്പുകളിലെ അൽഗോരിതം പോലെ വാട്‌സാപ്പ് അൽഗോരിതം പോസ്റ്റുകളുടെ റീച്ച് കുറയ്ക്കില്ലെന്നാണ് വ്യക്തമാകുന്നത്.