നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ ആക്രമണം : മുഖ്യപ്രതിയായ RSS പ്രവര്‍ത്തകന്‍ പിടിയില്‍

Jaihind Webdesk
Sunday, February 3, 2019

തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍. ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരകായ പ്രവീണാണ് ബോംബെറിയുന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്. നാല് തവണയാണ് ഇയാള്‍ സ്‌റ്റേഷന് നേരെ ബോംബെറിഞ്ഞത്. രണ്ട് ബോംബുകള്‍ സി.പി.എമ്മിന്‍റെ റാലിക്ക് നേരെയും എറിഞ്ഞിരുന്നു. വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് പ്രവീണെന്നും പൊലീസ് അറിയിച്ചു. ആലപ്പുഴ നൂറനാട് സ്വദേശിയാണ് പ്രവീണ്‍. തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബേറ് നടത്തിയത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുന്നിലാണ് ബോംബുകള്‍ വീണത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിഞ്ഞിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഹര്‍ത്താല്‍ ദിവസം ആര്യനാടുള്ള ഒരു സ്വകാര്യ ബാങ്ക് അടപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കേസില്‍ ചില ആര്‍.എസ്.എസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ നെടുമങ്ങാട് നഗരത്തില്‍ പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ സ്ഥാപിച്ച വനിതാ മതിലിന്‍റെയും പൊതു പണിമുടക്കിന്‍റെയും ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരും പ്രകടനം നടത്തി. ഇതിനിടെയാണ് സ്റ്റേഷനിലേക്ക് ബോംബേറുണ്ടായത്.

ഹര്‍ത്താലിനിടെ പ്രവീണ്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിയുന്ന ദൃശ്യം

https://www.youtube.com/watch?time_continue=25&v=sQEt69HfRSI