ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാനില്ല ; അന്വേഷണം

Jaihind Webdesk
Saturday, August 14, 2021

കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളില്‍ നിന്ന് സ്വർണംകെട്ടിയ രുദ്രാക്ഷമാല കാണാതായി. പുതിയ മേൽശാന്തി ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ അന്വേഷണം ആരംഭിച്ചു.

ഭഗവാൻ്റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്നതാണ് കാണാതായ രുദ്രാക്ഷമാല. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നൽകിയത്. വലിയ രുദ്രാക്ഷമണികളിൽ സ്വർണംകെട്ടിച്ച മാല രണ്ട് മടക്കുകളാക്കിയാണ് ചാർത്തിയിരുന്നത്. മാലയുടെ തൂക്കം സംബന്ധിച്ച് കൃത്യമായ വിവരമില്ല.

ദേവസ്വം വിജിലന്‍സിനും പരാതി ലഭിച്ചിരുന്നതായി വിജിലന്‍സ് എസ്പി പി. ബിജോയ് പറഞ്ഞു. അടുത്ത ദിവസം ക്ഷേത്രത്തില്‍ എത്തി തെളിവെടുക്കുമെന്ന് കമ്മിഷണര്‍ എസ് അജിത് കുമാര്‍ പറഞ്ഞു. മാല നഷ്ടപ്പെട്ടതു സംബന്ധിച്ച് റിപോര്‍ട്ട് തേടിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.