കേന്ദ്രസർക്കാരിന്‍റെ അലംഭാവം; ഒഴിഞ്ഞുകിടക്കുന്നത് ഏഴു ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ; തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി

കേന്ദ്രസർക്കാരിന്‍റെ അലംഭാവം കൊണ്ട് ഒഴിഞ്ഞുകിടക്കുന്നത് ഏഴു ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ. സർക്കാരിന്‍റെ വിവിധ വകുപ്പുകളിലായി ജോലി ഒഴിവുകൾ നികത്താതെ കിടക്കുന്നെന്ന് മോദിസർക്കാരിന്‍റെ തുറന്നു പറച്ചിൽ. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വിശദീകരണം.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കെ അസംഖ്യം ഒഴിവുകൾ നികത്താതെ കിടക്കുന്നെന്ന് രാജ്യസഭയിൽ കേന്ദ്ര പേഴ്ണൽ മന്ത്രാലയം. 2018 മാർച്ച് 1 വരെയുള്ള കണക്കു പ്രകാരം കേന്ദ്ര സർക്കാരിന്‍റെ 7 ലക്ഷത്തോളം ഒഴിവുകൾ നികത്താതെ കിടക്കുന്നുണ്ട്.

കേന്ദ്ര പെഴ്‌സണേൽ, പെൻഷൻ മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇത്തരത്തിലുള്ള വിശദീകരണം.

ഗ്രൂപ്പ് സി വിഭാഗത്തിൽ 5,74,289 ഒഴിവുകളും ഗ്രൂപ്പ് ബി വിഭാഗത്തിൽ 89,638 ഒഴിവുകളും ഗ്രൂപ്പ് എ വിഭാഗത്തിൽ 19,896 ഒഴിവുകളുമാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും സർക്കാർ വിശദമാക്കി.

2019-2020 വർഷത്തെ നിയമന നടപടികൾക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1,05,338 ഒഴിവുകൾ നികത്താനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

റെയിൽവേ റിക്രൂട്ട്‌മെൻറ് ബോർഡ് 2017-18 വർഷത്തെ നിയമന നടപടികൾക്കായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കൂടാതെ, ഗ്രൂപ്പ് സി വിഭാഗത്തിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പോസ്റ്റൽ വിഭാഗത്തിലേക്കും നിയമന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു.

2018 ഫെബ്രുവരി എട്ടിനു രാജ്യസഭയിൽ നൽകിയ മറുപടിയിൽ സ്‌കൂളുകളിലെ അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും അടക്കം 24 ലക്ഷം ഒഴിവുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടേതായി നികത്താതെ കിടപ്പുണ്ടെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

സിബിഐയിൽ മാത്രം ആയിരത്തിലേറെ ഒഴിവുകൾ ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൃത്യമായ ഏകോപനമോ ശ്രദ്ധയോ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും തൊഴിൽ അവസരം സൃഷ്ടിക്കുന്ന മേഖലയിൽ ഇല്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

രാജ്യം തൊഴിലില്ലായ്മയുടെ കയ്പ് രുചിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ അലംഭാവം നിമിത്തം ഒഴിഞ്ഞുകിടക്കുന്നത് ലക്ഷക്കണക്കിനു തൊഴിൽ അവസരങ്ങളാണ്.തൊഴിലില്ലാതെ അലയുന്നത് അഭ്യസ്ത വിദഗ്ദരായ യുവജനങ്ങളും.

Comments (0)
Add Comment