പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു ഇന്ന് റാന്നി കോടതിയിൽ കീഴടങ്ങും. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാണ് പ്രകാശ് ബാബു. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് നിലവിലുള്ളത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതിനാല്‍ കേസുകളില്‍ ജാമ്യമെടുക്കുന്നതിനുവേണ്ടിയാണ് പ്രകാശ് ബാബു റാന്നി കോടതിയില്‍ കീഴടങ്ങുന്നത്. ഏപ്രിൽ നാലാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് നീക്കം.
ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ടവിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡന്റ് ജെ പദ്മകുമാറിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനങ്ങളുള്‍പ്പെടെ തകർത്തു തുടങ്ങിയ കേസുകളില്‍ പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ ഇതുസംബന്ധിച്ച സ്യവാങ്മൂലം രേഖപ്പെടുത്തി നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കണം. ഈ സാഹചര്യത്തിലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി റാന്നി കോടതിയില്‍ കീഴടങ്ങുന്നത്.