മാവോയിസ്റ്റ് വേട്ട, യുഎപിഎ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ആഞ്ഞടിച്ച് സിപിഐ

Jaihind News Bureau
Monday, January 6, 2020

മാവോയിസ്റ്റ് വേട്ട, യുഎപിഎ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ആഞ്ഞടിച്ച് സിപിഐ. കേരളത്തിൽ പൊലീസ് രാജുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും, യോഗി ആദിത്യനാഥും, യെദ്യൂരപ്പയും ചെയ്യുന്നത് പോലെ കേരളത്തിലെ ഇടത് സർക്കാർ ചെയ്യരുതെന്നും സിപിഐ അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെല്ലാം വ്യാജ ഏറ്റ് മുട്ടലിലൂടെയാണെന്ന നിലപാട് ആവർത്തിക്കുകയാണ് സിപിഐ. മാവോയിസ്റ്റ് വേട്ട നടത്തിയ പോലീസുകാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു മുഖ്യമന്ത്രിക്കെതിരേയും കടുത്തി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു

പന്തീരങ്കാവില്‍ അലനും താഹയ്കുമെതിരെ യുഎപിഎ ചുമത്തിയതിനാലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തതെന്നും പിന്നീട് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സിപിഎമ്മിനെ വിമര്‍ശിച്ച് കൊണ്ട് പ്രകാശ് ബാബു പറഞ്ഞു.

ലഘുലേഖ കയ്യിൽ വച്ചുവെന്ന് കരുതി ആരെയും തടങ്കൽ പാളയത്തിൽ വയ്ക്കാൻ പാടില്ലെന്നും, നരേന്ദ്ര മോദിയുടേയും, അമിത് ഷായുടേയും സർക്കാർ അത് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ജനപക്ഷത്ത് നിൽക്കുന്നുവെന്ന് തെളിയിക്കാനുള്ള ബാധ്യത ഇടത് സർക്കാരിനുണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു. മാവോയിസ്റ്റ് വേട്ടക്കെതിരെ കേരള മനുഷ്യാവകാശ സമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് ബാബു.