ശബരിമല ഒരു സ്ഥലപ്പേര്; കളക്ടര്‍ക്ക് സുരേഷ് ഗോപിയുടെ മറുപടി

Jaihind Webdesk
Monday, April 8, 2019

ശബരിമലയുടെയും അയ്യപ്പന്‍റെയും പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചതില്‍ വിശദീകരണം തേടിയ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് സുരേഷ് ഗോപി മറുപടി നല്‍കി.ശബരിമല എന്നത് സ്ഥലപ്പേരാണെന്ന് സുരേഷ് ഗോപി വിശദീകരിക്കുന്നു.

അയ്യപ്പൻ, ശബരിമല ക്ഷേത്രം എന്നീ വാക്കുകൾ താന്‍ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ലെന്നാണ് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിശദീകരണം. ദൈവത്തിന്‍റെ പേരോ മതചിഹ്നമോ ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ല. ശബരിമല എന്നത് ഒരു സ്ഥലത്തിന്‍റെ പേരാണെന്നും സുരേഷ് ഗോപി ജില്ലാ കലക്ടർക്ക് നൽകിയ വിശദീകരണത്തിൽ‌ പറയുന്നു. വിശദമായ മറുപടിക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. വിശദീകരണം ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് കൈമാറി. വിശദീകരണത്തിലെ തുടർനടപടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ തീരുമാനിക്കും.

തൃശൂര്‍ തേക്കിൻകാട് മൈതാനത്ത് നടന്ന എൻ.ഡി.എ കണ്‍വൻഷനിൽ വച്ചാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. ശബരിമല വിഷയത്തിലാണ് താൻ വോട്ട് അപേക്ഷിക്കുന്നത്. അയ്യൻ വികാരമാണെങ്കില്‍ ഈ കിരാത സർക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ അയ്യന്‍റെ ഭക്തർ നൽകും. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിപ്പിച്ചിരിക്കുമെന്നുമാണ് സുരേഷ്‌ ഗോപി കൺവെൻഷനിൽ പ്രസംഗിച്ചത്. ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം കാണിച്ച്‌ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസ് നൽകിയത്. തിങ്കളാഴ്ച 8 മണിക്ക് മുമ്പ് വിശദീകരണം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.