കേരളം ഒന്നാമതാണ്!! കുറ്റകൃത്യങ്ങളില്‍; ഉത്തര്‍പ്രദേശിനെയും പിന്നിലാക്കി കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ ഉള്ളത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ 13.1 ശതമാനവും കേരളത്തില്‍ നിന്നാണ്. കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട കണക്കില്‍ പറയുന്നു. കുറ്റകൃത്യങ്ങളുടെ ശതമാനം കൂടുതല്‍ കേരളത്തിലാണ്. 2017 വരെയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 2015 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2015ല്‍ 3,29,243 കേസുകളും 2016ല്‍ 3,38,954 കേസുകളുമാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2017 ആയപ്പോഴേക്കും അത് 3,59,849 ആയി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഒരു വര്‍ഷം വൈകി പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2017ലെ കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത്. 2017 ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 56,011 കേസുകള്‍. രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ് 31,979 കേസുകള്‍. 30,992 കേസുമായി ബംഗാളാണ് മൂന്നാം സ്ഥാനത്ത്. പിന്നാലെ 29,778 കേസുമായി മധ്യപ്രദേശ്, 25,993 രാജസ്ഥാന്‍, 23,082 അസം എന്നീ സംസ്ഥാനങ്ങളുമുണ്ട്.
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നത് അടുത്ത പരിചയമുള്ളവരില്‍ നിന്നാണെന്നും എന്‍സിആര്‍ബി പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 93 ശതമാനം പീഡനകേസുകളിലും പ്രതികള്‍ ഇരയുമായി പരിചയമുള്ള വ്യക്തികളാണ്. 2017ല്‍ രാജ്യത്ത് 32,557 പീഡനക്കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത് ഇതില്‍ 93.1% കേസുകളിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments (0)
Add Comment