വയനാട്ടില്‍ നവകേരള സദസ് കഴിഞ്ഞിട്ട് ഒരു മാസം; കിട്ടിയ പരാതികളില്‍ 5 ശതമാനം പോലും തീര്‍പ്പാക്കിയില്ല

Jaihind Webdesk
Sunday, December 24, 2023


വയനാട്ടിലെ നവകേരള സദസ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍, കിട്ടിയ പരാതികളില്‍ തീര്‍പ്പാക്കിയത് 5 ശതമാനത്തില്‍ താഴെ മാത്രം. ബഹുഭൂരിപക്ഷം പരാതികളും സംസ്ഥാന തലത്തില്‍ തീര്‍പ്പാക്കേണ്ടവയെന്നാണ് വിവരം. ഇടയ്ക്ക് സെര്‍വര്‍ ഡൗണ്‍ ആയതും പരാതികളിലെ വൈവിധ്യവും പരിഹാരം അകലെയാക്കുകയാണ്. നവംബര്‍ 23നാണ് മന്ത്രിസഭ ബസ്സിലേറി ചുരംകയറി വയനാട്ടില്‍ എത്തിയത്. പെരുമഴ പെയ്തുണ്ടായ ചളിയില്‍ വരി നിന്നാണ് ബഹുഭൂരിപക്ഷവും പരാതി നല്‍കിയത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിലായി 20388 പരാതികള്‍. ഡിസംബര്‍ നാലോടെ, കിട്ടിയ പരാതികളെല്ലാം നവകരേള സദസ്സിന്റെ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്തു. എന്നാല്‍ തീര്‍പ്പാക്കിയത് 500ല്‍ താഴെ മാത്രം. അതായത് 5 ശതമാനത്തില്‍ താഴെ. ഭൂമി, പട്ടയം വിഷയങ്ങളാണ് പരാതിക്കെട്ടുകളില്‍ കൂടുതല്‍. മിക്കതും സംസ്ഥാന തലത്തില്‍ തീര്‍പ്പാക്കേണ്ടവ. എത്ര പരാതികളില്‍ തീര്‍പ്പാക്കിയെന്ന കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.