പൗരത്വ നിയമം ആവശ്യമില്ലെന്ന് നിതീഷ് കുമാർ : എതിർപ്പുമായി സഖ്യകക്ഷികളും രംഗത്ത് ; ബി.ജെ.പിക്ക് തിരിച്ചടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായ  പ്രക്ഷോഭം തുടരുന്നത് ബി.ജെ.പിക്ക് തലവേദനയാകുന്നതിനിടെ എതിര്‍പ്പ് പ്രകടമാക്കി സഖ്യകക്ഷികളും. ബിഹാറില്‍ നിയമം നടപ്പാക്കാനാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാർ വ്യക്തമാക്കി. പൗരത്വ നിയമത്തില്‍ പ്രതിരോധത്തിലുള്ള ബി.ജെ.പിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കുന്ന നീക്കമാണിത്.

‘പൗരത്വ ഭേദഗതി നിയമത്തില്‍ ചര്‍ച്ച വേണമെന്നാണ് ഏവരുടെയും ആഗ്രഹമെങ്കില്‍ വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണം. രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കേണ്ട ആവശ്യമില്ല. ഇത്തരത്തിലുള്ള നീക്കത്തിന് യാതൊരു ന്യായീകരണവുമില്ല. ഇതൊന്നും നടക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല’ –  നിതീഷ് കുമാര്‍ പറഞ്ഞു.

നേരത്തെ നിയമത്തെ പിന്തുണച്ച് ജെ.ഡി.യു പാര്‍ലമെന്‍റില്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ജെ.ഡി.യു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോർ ശക്തമായി രംഗത്തെത്തിയിരുന്നു. എന്തുതന്നെ സംഭവിച്ചാലും ബിഹാറില്‍ എന്‍.ആര്‍.സി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പ്രശാന്ത് കിഷോര്‍ നന്ദി അറിയിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാറും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ഘടക കക്ഷി തന്നെ എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകും. ബി.ജെ.പിക്കെതിരെ ശക്തമായ വികാരമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരായ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

CAANitish Kumar
Comments (0)
Add Comment