മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം: ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസും പ്രതി

Jaihind Webdesk
Saturday, August 3, 2019

ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെയും പ്രതി ചേര്‍ത്തു. അപകടകരമായ വാഹനമോടിക്കലിനെ പ്രോത്സാഹിപ്പിച്ചു എന്നാണ് വഫയ്‌ക്കെതിരെയുള്ള കുറ്റം.മോട്ടോര്‍വാഹന നിയമം അനുസരിച്ച് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി വഫായെ ജാമ്യത്തില്‍ വിട്ടു.

അതേസമയം അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫാ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കും. അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത് ചൂണ്ടിക്കാണിച്ചാണ് നീക്കം. ഇതിന് വേണ്ട നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങി. വഫയുടെ കാറിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും. കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ വഫയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്ന മൊഴി വഫ മജിസ്‌ട്രേറ്റിന്റെ മുന്നിലും ആവര്‍ത്തിച്ചു. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം വാഹനത്തില്‍ കയറി. മദ്യപിച്ച് വാഹനമോടിക്കേണ്ടെന്ന് വകവച്ചില്ല. അമിതവേഗമാണ് അപകടകാരണമെന്നും വഫയുടെ മൊഴി നല്‍കിയിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് മദ്യലഹരിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീര്‍ മരിച്ചത്. മ്യൂസിയം റോഡില്‍ പബ്ലിക് ഓഫീസിന് മുമ്പിലാണ് അപകടം. പുലര്‍ച്ചെ 12. 59ന് കൊല്ലത്ത് ഔദ്യോഗിക ആവശ്യം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന കെ എം ബഷീറിന് സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു. പബ്‌ളിക് ഓഫീസിനു മുമ്പില്‍ ബഷീര്‍ വാഹനം ഒതുക്കി നിര്‍ത്തി. 1.5ന് വെള്ളയമ്പലം ഭാഗത്ത് നിന്ന് ചീറിപ്പാഞ്ഞു വന്ന കാര്‍ ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചു.