നരേന്ദ്ര മോദിയുടെ പാതയിൽ തന്നെയാണ് പിണറായി വിജയന്‍റെയും ഭരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, February 6, 2020

അധ്യാപകരുടെ സംഘടനാ വേദികളിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കരുതെന്ന ഉത്തരവിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ ഉത്തരവിന്‍റെ പേരിൽ ഏതെങ്കിലും അധ്യാപകനെതിരെ നടപടി എടുക്കാൻ ധൈര്യമുണ്ടോ എന്നും മുല്ലപ്പള്ളി ചോദിച്ചു. തൃശൂരിൽ കെ പി എസ് ടി എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയുടെ പാതയിൽ തന്നെയാണ് പിണറായി വിജയന്‍റെയും ഭരണമെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഇരു കൂട്ടരും എതിരാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഖാദർ കമ്മീഷൻ റിപ്പോർട്ട് ചവറ്റു കുട്ടയിൽ എറിയും. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കുമെന്നും കെ പി സി സി അധ്യക്ഷൻ അറിയിച്ചു. കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്‍റ് വി കെ അജിത് കുമാർ അധ്യക്ഷനായിരുന്നു. ടി എൻ പ്രതാപൻ എം പി, നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, ടി ശരത്ചന്ദ്ര പ്രസാദ്, എം പി വിൻസെന്റ്, ടി.വി ചന്ദ്രമോഹൻ തുടങ്ങിയവരും സംസാരിച്ചു.