യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന മുസ്ലീം സമുദായത്തെ കടന്നാക്രമിക്കുന്നത്; സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, April 5, 2019

മുസ്ലീം ലീഗിനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന മുസ്ലീം സമുദായത്തെ കടന്നാക്രമിക്കാനും സാമുദായിക സ്പര്‍ദ്ധ ആളിക്കത്തിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍കൂട്ടി മനസിലാക്കി നടത്തിയ ആപത്ക്കരമായ പ്രസ്താവനയാണ് ആദിത്യനാഥിന്‍റേതെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു.

മുസ്ലീം ലീഗിനെ ആക്രമിക്കുക വഴി മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുകയാണ് യോഗി ആദിത്യനാഥ് ലക്ഷ്യമിടുന്നത്. എം.പി ആയിരുന്നപ്പോള്‍ തന്നെ വിഷം ചീറ്റുന്ന വര്‍ഗീയ പ്രസംഗത്തിലൂടെ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയം വളര്‍ത്തിയെടുക്കാനാണ് പാര്‍ലമെന്‍റിനകത്തും പുറത്തും ആദിത്യനാഥ് ശ്രമിച്ചത്. രാമക്ഷേത്ര പ്രശ്‌നം വീണ്ടും സജീവ ചര്‍ച്ചയാക്കിയത് യോഗി ആദിത്യനാഥും സംഘപരിവാര്‍ ശക്തികളുമാണ്.

മതേതര ജനാധിപത്യ ശക്തികളെ വളര്‍ത്തുന്നതിനായി കഴിഞ്ഞ അരനൂറ്റാണ്ടായി അക്ഷീണം പ്രയത്‌നിച്ച പ്രസ്ഥാനമാണ് മുസ്ലീം ലീഗ്. പരേതനായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മുതല്‍ പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ വരെയുള്ള നേതാക്കന്മാര്‍ ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും ഉജ്ജ്വല പ്രതീകങ്ങളായിരുന്നു. മതസൗഹാര്‍ദത്തിന്‍റെ തിളക്കമാര്‍ന്ന ഓര്‍മയാണ് സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്‍റെ ജീവിതം. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനോടൊപ്പം നടന്നു നീങ്ങിയ അരനൂറ്റാണ്ടു കാലത്തെ ചരിത്രമാണ് ലീഗിന്‍റേത്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ഉടനെ പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവനയും ഇടപെടലും വിവേകപൂര്‍ണമായ ഒരു നേതൃത്വത്തിന്‍റെ പക്വവും രാജ്യ സ്‌നേഹത്തില്‍ അധിഷ്ഠിതമായ നിലപാടുമായിരുന്നു. സമാധാനവും ശാന്തിയും ഉറപ്പു വരുത്താന്‍ അദ്ദേഹം നടത്തിയ ഇടപെടല്‍ ഈ നാട് ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നിപ്പിന്‍റെ രാഷ്ട്രീയം വളര്‍ത്തുന്ന യോഗി ആദിത്യനാഥിനെ നിയന്ത്രിക്കാന്‍ ബി.ജെ.പി നേതൃത്വത്തിന് ബാധ്യതയുണ്ട്. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ കലുഷിതമാക്കാനുള്ള ഏത് ശ്രമത്തേയും ഇന്ത്യന്‍ ജനത തിരിച്ചറിയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.