ഷെഹ്ല ഷെറിന്‍റെ മരണം : കുറ്റക്കാര്‍ക്കെതിരെ നടപടി വേണം ; ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ചയുടെ നേര്‍ക്കാഴ്ചയെന്നും മുല്ലപ്പള്ളി

Jaihind Webdesk
Friday, November 22, 2019

Mullappally-Ramachandran-23

ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയുടെ നേര്‍ക്കാഴ്ചയാണ് വയനാട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലൂടെ പുറത്തുവന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ വെറും പുകമറയാണെന്ന് തെളിഞ്ഞു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ പരമ ദയനീയമാണെന്ന് വ്യക്തം. ഹൈടെക് സ്‌കൂളിന്‍റെ യുഗത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്‍റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമാനമാണ്. പലയിടത്തും തകര്‍ന്നു കിടക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ പാമ്പ് വളര്‍ത്തല്‍ കേന്ദ്രങ്ങളാണ്. നഗരങ്ങളിലെ ചില സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖം മിനുക്കിയെങ്കിലും ഗ്രാമങ്ങളിലെ സ്‌കൂളുകളുടെ അവസ്ഥ ദയനീയമാണ്.

മൂന്ന് ആശുപത്രികളില്‍ പോയിട്ടും ഷെഹ്ല ഷെറിന് മരുന്ന് ലഭിച്ചില്ലെന്ന വസ്തുത സര്‍ക്കാര്‍ ആശുപത്രികളുടെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കുന്നതാണ്. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കിയിരുന്നെങ്കില്‍ ഈ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് മരുന്നില്ലെന്നത് ഞെട്ടിക്കുന്ന വിവരമാണ്. സര്‍ക്കാരിന്‍റെ പിടിപ്പുകേടും ഭരണപരാജയവും മൂലമാണ് കുട്ടിക്ക് ദാരുണാന്ത്യം ഉണ്ടായത്. ഉദ്യോഗസ്ഥതലത്തിലുള്ള അനാസ്ഥയാണ് ബത്തേരിയിലെ ദാരുണ മരണത്തിന് പിന്നുള്ള ഘടകം. ഇത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്. ഷെഹ്ല ഷെറിന്‍റെ മരണത്തിന് കാരണക്കാരായ സ്‌കൂളിലേയും ആശുപത്രിയിലേയും അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.