പിറന്നനാട്ടില്‍ പ്രവാസികള്‍ അഗതികളായി; മടക്കികൊണ്ടു വരാനുള്ള സമാന്യനീതി കാട്ടണം; പുനരധിവാസ പാക്കേജിന് രൂപം നല്‍കണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, April 22, 2020

പിറന്നനാട്ടില്‍ അഗതികളായി വസിക്കേണ്ട അവസ്ഥയിലാണ് പ്രവാസികളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ‘പ്രവാസികളുടെ ജീവന്‍ രക്ഷിക്കുക, അവര്‍ അന്യരല്ല നമ്മുടെ സ്വന്തമാണെന്ന’ മുദ്രാവാക്യം ഉയര്‍ത്തി കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ധിഖ്, മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.വി.പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ ആരംഭിച്ച ‘അതിജീവന നിരാഹാര സത്യഗ്രഹം’ കെപിസിസി ആസ്ഥാനത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പ്രവാസി സമൂഹം കടുത്ത ആശങ്കയിലും ഭീതിയിലുമാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായ പങ്കുവഹിച്ചവരാണ് പ്രവാസികള്‍. കൊവിഡ് രോഗത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഭൂരിപക്ഷം പ്രവാസികളും. പലര്‍ക്കും ശമ്പളമില്ല. മികിച്ച ചികിത്സാ സൗകര്യങ്ങള്‍ക്കും പ്രയാസമുണ്ട്. കടുത്ത മാനസിക സംഘര്‍ഷത്തില്‍ കഴിയുന്ന ഇവര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ ഇരുസര്‍ക്കാരുകളും അമ്പേ പരാജയപ്പെട്ടു.

കേരളമാണ് ഇന്ത്യാ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടുന്ന സംസ്ഥാനം. പ്രവാസിലോകം നേരിടുന്ന കഷ്ടതകള്‍ക്ക് പരിഹാരം കാണുന്നതിന് പകരം അവരെ പൂര്‍ണ്ണമായും അവഗണിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. കൊച്ചുരാജ്യമായ മാലിദീപ് പോലും സ്വന്തം പൗരന്‍മാരെ വിദേശരാജ്യങ്ങളില്‍ നിന്നും മടക്കി കൊണ്ടുപോകുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളോട് ഈ ക്രൂരസമീപനം തുടരുന്നത്. പിറന്ന നാട്ടിലേക്ക് മടങ്ങിയെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. വിസാ കലാവധി കഴിയാറായവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, ഉന്നതവിദ്യാഭ്യാസത്തിനായിപ്പോയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെയെങ്കിലും മടക്കികൊണ്ടു വരാനുള്ള സമാന്യനീതിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുറോപ്, അമേരിക്ക, ആസ്‌ട്രേലിയ, ആഫ്രിക്ക, ഗള്‍ഫ് ഉള്‍പ്പടെയുള്ള 35 രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി താനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കഴിഞ്ഞ ദിവസം കെ.പി.സി.സി ആസ്ഥാനത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയിരുന്നു. പ്രവാസികളുടെ ദുരിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ് അതിലൂടെ മനസിലാക്കാന്‍ കഴിഞ്ഞത്. ലേബര്‍ ക്യാമ്പുകളിലെ പ്രവാസിത്തൊഴിലാളികളുടെ അവസ്ഥ പരമദയനീയമാണ്. ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നെ വ്യക്തിഹത്യ ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ലോക്ക് ഡൗണിന് ശേഷം അഞ്ചുലക്ഷത്തിലധികം പ്രവാസികളെങ്കിലും മടങ്ങിയെത്തുമെന്നാണ് കണക്ക്. അവരുടെ പുനരധിവാസമാകും കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. അത് പരിഹരിക്കാനായി കേന്ദ്രസര്‍ക്കാരിന്‍റെ സഹായത്തോടെ ഒരു പുനരധിവാസ പാക്കേജിന് രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. നിരാഹാര സത്യഗ്രഹത്തില്‍ എം.പിമാരായ കെ.മുരളീധരന്‍, എം.കെ.രാഘവന്‍ എന്നിവരും പങ്കെടുത്തു.