കേരള ബാങ്ക് : സഹകരണ സ്ഥാപനങ്ങളെ തകർക്കാന്‍ സർക്കാര്‍ ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, December 9, 2019

Mullappally-Ramachandran-PC

കേരള ബാങ്കിന്‍റെ പ്രഖ്യാപനം നിയമാനുസൃതമല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരള ബാങ്കിന്‍റെ പ്രവർത്തനങ്ങളുമായി കോൺഗ്രസ് സഹകരിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൊച്ചിയിൽ പറഞ്ഞു.

ജില്ലാ ബാങ്കുകൾ പിരിച്ച് വിടാൻ ആർക്കും അവകാശമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ തകർത്തല്ല കേരള ബാങ്ക് സ്ഥാപിക്കേണ്ടത്. കേരള ബാങ്കിന്‍റെ പ്രവർത്തനം കോൺഗ്രസ് അംഗീകരിക്കില്ല. കേരള ബാങ്കിന്‍റെ ഉദ്ഘാടന ചടങ്ങ് അടക്കമുള്ള പരിപാടികളിൽ കോൺഗ്രസിൽ നിന്ന് ആരും പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജില്ലാ ബാങ്കുകൾ പിരിച്ചുവിടാൻ എവിടെ നിന്നാണ് അവകാശം കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു.

എല്ലാ വാർഡ് തലങ്ങളിലും മഹാത്മാ കുടുംബ സംഗമങ്ങൾ നടത്തും. സംസ്ഥാന സർക്കാരിന്‍റെ അഴിമതി സ്വജനപക്ഷപാതം തുടങ്ങിയവിഷയങ്ങൾ ഉയർത്തി ഡിസംബർ 21ന് സംസ്ഥാനത്തെ കളക്ട്രേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും മാർച്ച് നടത്തുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വ്യക്തമാക്കി. ജനുവരി 20 മുതൽ ഫെബ്രുവരി 20 വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ പദയാത്രകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളത്ത് നടന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരുടെ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, ഡി.സി.സി പ്രസിഡന്‍റുമാരായ ടി.ജെ വിനോദ് എം.എൽ.എ, ടി സിദ്ദിഖ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.