കീഴാറ്റൂരില്‍ സി.പി.എം-ബി.ജെ.പി ഒത്തുകളി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, November 27, 2018

കീഴാറ്റൂര്‍ ബൈപാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചത് സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിച്ചതുകൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വയല്‍ക്കിളികളെ ഇരുകൂട്ടരും ചേര്‍ന്ന് പറ്റിക്കുകയാണ് ചെയ്തത്. കീഴാറ്റൂരിലെ പരിസ്ഥിതി പ്രശ്‌നം സി.പി.എമ്മും ബി.ജെ.പിയും സൗകര്യപൂര്‍വം വിസ്മരിക്കുകയാണുണ്ടായത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണിതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം-ബി.ജെ.പി ഒത്തുകളി ഏറ്റവും പ്രകടമായി കണ്ടത് ശബരിമലയിലാണ്. അവിടെ ബി.ജെ.പിക്ക് സി.പി.എം കളം ഒരുക്കിക്കൊടുക്കുകയാണു ചെയ്തത്. കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ തളര്‍ത്തുകയെന്ന ബി.ജെ.പിയുടെയും സംസ്ഥാനതലത്തില്‍ തളര്‍ത്തുകയെന്ന സി.പി.എമ്മിന്‍റെയും അജണ്ടകളാണ് ശബരിമലയില്‍ കണ്ടത്. എന്നാല്‍, ശബരിമല സംഘപരിവാര്‍ ശക്തികളുടെ വാട്ടര്‍ ലൂ ആയി മാറുകയും ഇടത് സര്‍ക്കാരിന് വലിയ ജനരോഷം നേരിടേണ്ടി വരുകയും ചെയ്യുകയാണുണ്ടായതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

കെ സുരേന്ദ്രന്‍, കെ.പി ശശികല  തുടങ്ങിയ തീവ്രഹിന്ദു നിലപാടുകാരെ വലിയ നേതാക്കളാക്കി മാറ്റാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തതുന്നെ ബി.ജെ.പിയുമായി ഒത്തുകളിച്ചാണ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തു പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലായിടത്തും മാധ്യമങ്ങളെ എത്തിച്ചു കൊടുക്കുന്നു. ബി.ജെ.പിയെ ജനശ്രദ്ധയില്‍ നിര്‍ത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം നടപടികളെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.