വാളയാർ കേസ് അട്ടിമറിക്കപ്പെട്ടു, പ്രതികളെല്ലാം സി.പി.എം പ്രവർത്തകർ ; പിണറായി വിജയന്‍ ദയനീയ പരാജയം, ആഭ്യന്തരവകുപ്പ് ഒഴിയണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, November 2, 2019

വാളയാർ കേസ് തുടക്കം മുതലേ അട്ടിമറിക്കപ്പെട്ടുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവത്തിന്‍റെ കേന്ദ്രബിന്ദു സി.പി.എമ്മാണെന്നും വാളയാര്‍ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനല്ല, മറിച്ച് പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇനിയൊരു ബാലികയ്ക്കും ഇത്തരമൊരു ദുർഗതിയുണ്ടാകാന്‍ പാടില്ല. ഒരു സാധാരണക്കാരനും നീതി നിഷേധിക്കപ്പെടാന്‍ പാടില്ല. ആഭ്യന്തര വകുപ്പ് ദയനീയ പരാജയമാണെന്നും പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു.

വാളയാറില്‍ ഉണ്ടായത് കേട്ടുകേള്‍വിയില്ലാത്ത ക്രൂരവും പൈശാചികവുമായ സംഭവമാണ്. കേസന്വേഷണത്തില്‍ പോലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. രണ്ടാമത്തെ കുട്ടിയുടെ മൊഴി പോലീസ് ഗൌരവത്തിലെടുക്കാന്‍പോലും തയാറായില്ല. കേസുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന പ്രതികളും സി.പി.എം പ്രവർത്തകരാണ്. അന്വേഷണവും പ്രോസിക്യൂഷൻ നടപടികളും അട്ടിമറിക്കപ്പെടുകയാണുണ്ടായത്. സി.പി.എമ്മിന്‍റെയും ഭരണകൂടത്തിന്‍റെയും സകല സംവിധാനങ്ങളും കേസ് അട്ടിമറിക്കുന്നതിനായി ദുരുപയോഗപ്പെടുത്തിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

കുട്ടികളുടെ മാതാവ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞതുപോലെ, പ്രതികൾ അരിവാൾ പാർട്ടിയുടെ പ്രവർത്തകരാണെന്നത് തന്നോടും വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. 13 വയസുള്ള കുട്ടി മരിച്ചപ്പോൾ പ്രതികളെ സ്റ്റേഷനിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചത് സി.പി.എമ്മിന്‍റെ ലോക്കൽ കമ്മിറ്റി അംഗമാണ്. പ്രതികളെ പിടികൂടിയപ്പോൾ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചത് പുതുശേരിയിലെ ഒരു സി.പി.എം നേതാവാണ്. പ്രതികളെ ജാമ്യത്തിലിറക്കിയത് ഒരു ജില്ലാ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് വേണ്ടി കേസ് വാദിച്ചത് സി.പി.എമ്മിന്‍റെ പ്രമുഖ അഭിഭാഷകനാണ്. ഇക്കാര്യങ്ങളെല്ലാം ചേർത്തുവായിച്ചാൽ മാത്രം മതി കാര്യങ്ങൾ വ്യക്തമാകാനെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍. വി.കെ ശ്രീകണ്ഠന്‍ എം.പിയും മറ്റ് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.