കോടികള്‍ പൊടിച്ച് പ്രശ്‌നം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, December 10, 2018

Mullappally-Ramachandran-KPCC

പ്രളയാനന്തരം നവകേരള സൃഷ്ടിക്ക് രൂപരേഖപോലും തയാറാക്കാതെ കോടികള്‍ പൊടിച്ച് സാമുദായിക വേര്‍തിരിവുണ്ടാക്കാന്‍ പെണ്‍മതില്‍ നിര്‍മിക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ വ്യഗ്രത ഗൗരവമേറിയതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ക്ക് വിഭാഗീയത വളര്‍ത്താനുള്ള ഉദ്യമത്തിന് ചുമതല നല്‍കിയ നടപടി അക്ഷന്തവ്യമായ തെറ്റാണ്. പെണ്‍മതില്‍ പൊളിയുമെന്ന ഭീഷണിയില്‍ സ്‌കൂള്‍ കുട്ടികളേയും കുടുംബശ്രീ അംഗങ്ങളേയും അംഗനവാടി ജീവനക്കാരേയും ആശാവര്‍ക്കേഴ്‌സ്, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിവരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹവും അധികാരദുര്‍വിനിയോഗവുമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പോലും കുട്ടികളെ താലപ്പൊലിയേന്തുന്നതിനും മറ്റ് ജോലികള്‍ക്കായി നിയോഗിക്കുന്നതും ബാലാവകാശ ലംഘനവും പിഞ്ചുകുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യവുമാണ്. ഇതിന് കടകവിരുദ്ധമായ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.

കേരളജനതയോട് ഇത്രയേറെ അനാദരവ് കാണിച്ച മുഖ്യമന്ത്രിയും ഭരണകൂടവും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പെണ്‍മതില്‍ നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി മറക്കരുത്. ഇതിന് സര്‍ക്കാര്‍ കണക്ക് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ പേരിലും കോടികളാണ് സര്‍ക്കാര്‍ പൊടിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തികരിച്ച പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നതിനാണ് സര്‍ക്കാര്‍ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്നത്.

ഉദ്ഘാടന വേളയില്‍ മന്ത്രിമാര്‍ കുടുംബസമേതമാണ് പങ്കെടുത്തത്. ഇത് ന്യായീകരിക്കാന്‍ സാധ്യമല്ല. ഉദ്ഘാടനത്തിന് മുന്പേ ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷായ്ക്കും ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ പിന്നെയെന്തിനാണ് ഇത്തരമൊരു ഉദ്ഘാടന പ്രഹസനം നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു. ആരോഗ്യമന്ത്രി ശൈലജയ്ക്ക് പ്രത്യേകവിമാനത്തില്‍ പറന്നിറങ്ങാന്‍ അസരമൊരുക്കിയ സാഹചര്യം എന്തായിരുന്നു? ഇക്കാര്യം അന്വേഷിക്കുകയും വിമാന ചെലവിനായി വിനിയോഗിച്ച പണം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.