മുഖ്യമന്ത്രിയുടെ വീഴ്ചകള്‍ അതീവ ഗുരുതരം: മുല്ലപ്പള്ളി

Thursday, November 8, 2018

നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ കൊലപാതകം, മന്ത്രി കെ.ടി. ജലീലിന്‍റെ ബന്ധുനിയമനം, ശബരിമല യുവതീ പ്രവേശം എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതീവ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സനലിന്‍റെ കൊലപാതകം നടന്നിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും ഡിവൈഎസ്പിയെ ഇതുവരെ പിടികൂടിയില്ല. പോലീസിലെയും സിപിഎമ്മിലെയും ഉന്നതരുടെ ഓമനപ്പുത്രനായ ഇയാള്‍ ഒളിവില്‍ കഴിയുന്നത് അവരുടെ ഒത്താശയോടെയാണ്. ഇയാളെ ക്രമസമാധാനപാലന ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും നടപടി എടുക്കണമെന്നുമുള്ള മൂന്നു സുപ്രധാന പോലീസ് റിപ്പോര്‍ട്ടുകള്‍ ഡിജിപിയും മുഖ്യമന്ത്രിയുടെ ഓഫീസും പൂഴ്ത്തി. തുടര്‍ന്ന് തലസ്ഥാന ജില്ലയില്‍ തന്നെ വേണ്ടപ്പെട്ട സ്ഥലത്ത് നിയമനവും നല്കി. ചില അവിഹിത ഇടപാടുകള്‍ ഇതിലുണ്ടെന്നത് അങ്ങാടിപ്പാട്ടാണ്. സനലിന്‍റെ കൊലപാതകത്തിന് വഴിയൊരുക്കിയത് ഡിജിപിയും മുഖ്യമന്ത്രിയുമാണെന്നു മുല്ലപ്പള്ളി പറഞ്ഞു.

മന്ത്രി കെ.ടി. ജലീലിന്‍റെ വഴിവിട്ട ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന നിശബ്ദത നാണക്കേടാണ്. അടിമുടി അഴിമതിയും സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും നിറഞ്ഞ നിയമനമാണിത്. ഇതു സംബന്ധിച്ച് മന്ത്രി ഉയര്‍ത്തിയ എല്ലാ പ്രതിരോധങ്ങളും കല്ലുവച്ച നുണയായിരുന്നെന്ന് തെളിഞ്ഞിരിക്കുന്നു. അപേക്ഷകരില്‍ മന്ത്രിയുടെ ബന്ധുവിനെക്കാള്‍ കൂടുതല്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നെന്നു വ്യക്തമായി. ഒന്നുകില്‍ രാജി അല്ലെങ്കില്‍ പുറത്താക്കല്‍ ഇതല്ലാതെ മറ്റൊരു വഴിയും മന്ത്രിയുടെ മുന്നിലില്ലെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ശബരിമലയുടെ നിയന്ത്രണം ആര്‍എസ്എസ് പിടിച്ചെടുത്തപ്പോള്‍ പോലീസ് കയ്യും കെട്ടി നിന്നതിന് ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ബലിയാടാക്കാനാണു നീക്കം. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സന്നിധാനത്തുനിന്ന് പിന്‍വാങ്ങില്ല. ആര്‍എസ്എസ് നേതാവിന് പോലീസിന്റെ മൈക്ക് കൈമാറിയതും വ്യക്തമായ നിര്‍ദേശ പ്രകാരമാണ്. ഇക്കാര്യത്തില്‍ ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ ധാരണയോടെയാണു പ്രവര്‍ത്തിക്കുന്നത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമലയില്‍ ആയിരം പേരെ പോലും നിയന്ത്രിക്കുന്നതില്‍ പോലീസ് സംവിധാനം അമ്പേ പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നല്കിയ മുന്നറിയിപ്പ് അധികൃതര്‍ ഗൗരവമായി എടുത്തില്ല. മണ്ഡലകാലത്ത് ലക്ഷക്കണക്കിനു ഭക്തര്‍ ഒഴുകിയെത്തുമ്പോള്‍ പോലീസ് എന്തുചെയ്യുമെന്ന് ആര്‍ക്കും ഒരു തിട്ടവും ഇല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.