ശബരിമല യുവതീപ്രവേശത്തില്‍ സി.പി.എം കൊടിയ വഞ്ചന കാട്ടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്ന നിലപാട് സ്വീകരിച്ച കേന്ദ്ര കമ്മിറ്റി ഇതുസംബന്ധിച്ച 2018ലെ വിധി വിശാലബഞ്ചിനു വിട്ട സുപ്രീംകോടതി വിധിയോടു വിയോജിക്കുന്നെന്നും ഇതു വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയെ ന്നുമാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ജനുവരി 17 മുതല്‍ 19വരെയുള്ള തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തുവിടുകയും ചെയ്തു.
സ്ത്രീസമത്വം എല്ലാ മേഖലകളിലും വേണം എന്നതില്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും സുപ്രീംകോടതി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അടിയന്തരമായി സ്വീകരിക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. 2016 ല്‍ യുവതീപ്രവേശനത്തിനു അനുകൂലമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും സമര്‍പ്പിച്ച സത്യവാങ്മൂലം മാറ്റി നല്‍കില്ലെന്നു ബോര്‍ഡും വ്യക്തമാക്കിയതോടെ പിണറായി സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് വളരെ വ്യക്തമാണ്. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നു മലക്കം മറിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീടുവീടാന്തരം കയറി മാപ്പുപറഞ്ഞാണ് വിശ്വാസികളെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചത്. വിശ്വാസികളോടൊപ്പം നില്‍ക്കുമെന്നു വ്യാപകമായി പ്രചരിപ്പിക്കുകയും യുവതീപ്രവേശത്തെ എതിര്‍ത്ത് നിയമപോരാട്ടം നടത്തുമെന്നുമൊക്കെ നല്‍കിയ വാഗ്ദാനം വെറും പാഴ്‌വാക്കായെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മൂന്നുസീറ്റില്‍ ജയിക്കാനായതോടെയാണ് സി.പി.എമ്മും സര്‍ക്കാരും വീണ്ടും മലക്കം മറിഞ്ഞത്. കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തെ കുറിച്ച് സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും അടിയന്തരമായി പ്രതികരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.