സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ ആശുപത്രിവാസം ദുരൂഹം ; പിന്നില്‍ ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, September 14, 2020

Mullapaplly-Ramachandran

 

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സി.പി.എം ബന്ധമുള്ള ഉന്നതരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ തുടര്‍ച്ചയായി ആശുപ്രതിയില്‍ ചികിത്സക്കായി പോകുന്നത് ദുരൂഹമാണെന്നും അതില്‍ എന്തൊക്കയോ ഒളിച്ചുകളിയുണ്ടെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ആറുദിവസത്തെ സുഖചികിത്സക്കു ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് സ്വപ്‌ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സ നല്‍കേണ്ട ആരോഗ്യപ്രശ്‌നങ്ങള്‍ സ്വപ്‌നയ്ക്കില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്.തൊട്ടുപിന്നാലെയാണ് സ്വപ്നയെ വീണ്ടും ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റൊരു പ്രതിയായ റമീസിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കിയിട്ടും എന്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് സര്‍ക്കാര്‍ വിശദീകരിക്കണം. നിസാരകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികള്‍ക്ക് പൊലീസ് അകമ്പടിയോടുകൂടിയുള്ള ആശുപത്രിവാസത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് അകമ്പടിപോയ മുഴുവന്‍ പൊലീസുകാരുടേയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര മാനങ്ങളുള്ള സ്വര്‍ണ്ണക്കടത്ത് അന്വേഷണം സി.പി.എം നേതാക്കളേയും അവരുടെ മക്കളേയും മന്ത്രിമാരേയും കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. സി.പി.എം പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും മന്ത്രി ജലീലിനേയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ദിവസമാണ് വിശദമായി ചോദ്യം ചെയ്തത്. ഇപ്പോള്‍ വ്യവസായമന്ത്രിയുടെ മകന് സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. വ്യവസായമന്ത്രിയുടെ പത്‌നി ക്വാറന്‍റീന്‍ നിബന്ധനകള്‍ ലംഘിച്ച് കണ്ണൂരില്‍ ലോക്കര്‍ തുറന്നതും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.