ടൈറ്റാനിയത്തില്‍ അഴിമതിയും ധൂര്‍ത്തും : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, February 20, 2020

തലപ്പത്ത് രാഷ്ട്രീയ നേതാക്കളെ കുടിയിരുത്തിയതോടെ കേരളത്തിന്‍റെ അഭിമാന സ്തംഭമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് അഴിമതിയിലേക്കും ധൂര്‍ത്തിലേക്കും കൂപ്പുകുത്തിയെന്നു കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലേബര്‍ യൂണിയന്‍ 66-ആം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന അതേ ലാഘവത്തോടെയാണ് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തതു പോലെ ഇപ്പോള്‍ ടൈറ്റാനിയത്തെ ഇല്ലാതാക്കുന്നു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന്റെ പ്രതിഫലനമാണ് ടൈറ്റാനിയത്തിന്റെ കാര്യത്തില്‍ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

യൂണിയന്‍ പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ് അധ്യക്ഷനായിരുന്നു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ. അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാത്യു കുഴല്‍നാടന്‍, കെ.പി.കൊച്ചു മുഹമ്മദ്, വി.ആര്‍.പ്രതാപന്‍, എം.എ.പത്മകുമാര്‍, എ.ജെ.രാജന്‍, എം.ജെ.തോമസ്, ടോമി മാത്യു എന്നിവര്‍ പ്രസംഗിച്ചു.