കമ്മ്യൂണിസ്റ്റുകാരും സംഘപരിവാര്‍ ശക്തികളും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു: മുല്ലപ്പള്ളി

Jaihind News Bureau
Friday, August 9, 2019

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുവഹിച്ചിട്ടില്ലാത്ത ജനസംഘത്തിന്‍റെ പുതിയ പതിപ്പായ സംഘപരിവാറും ചേര്‍ന്ന് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

രാജ്യം ഫാസിസത്തിലേക്ക് പോകുന്നത് ആപത്ക്കരമാണ്. നെഹ്രുവിനെ ഇകഴ്ത്തുകയും ഗാന്ധി ഘാതകന്‍ ഗോഡ്സയെ പുകഴ്ത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന്‍റെ പാര്‍ലമെന്‍ററി ജനാധിപത്യത്തേയും ഭരണഘടനാ സ്ഥാപനങ്ങളെയും സര്‍വ്വധര്‍മ്മ സമഭാവനകളെയും തകര്‍ക്കുന്നു. ഇക്കൂട്ടര്‍ക്കെതിരെ നാം ജാഗ്രത പുലര്‍ത്തണം. ഫാസിസം ഇന്ത്യ വിടുകയെന്ന മുദ്രാവാക്യമാണ് ഈ ക്വിറ്റ് ഇന്ത്യാ വാര്‍ഷിക ദിനത്തില്‍ കെ.പി.സി.സി ഉയര്‍ത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പങ്കെടുത്ത ധീരദേശാഭിമാനികളെ അഞ്ചാംപത്തികളെന്ന് വിളിച്ച് കമ്മ്യൂണിസ്റ്റുകാര്‍ പരിഹസിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്രത്തെ അംഗീകരിച്ചില്ല. ഇത് സി.പി.എം ശൈലിയാണ്. അവരിപ്പോഴും ആ ശൈലി തുടരുന്നു. മതേതരജനാധിപത്യ ചേരിയോട് ചേര്‍നിന്ന് ഫാസിസത്തെ എതിര്‍ക്കാന്‍ സി.പി.എം ഇപ്പോഴും തയ്യാറല്ലെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.