കോവിഡ് 19 : കാസർഗോഡ്, എറണാകുളം ജില്ലകളില്‍ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം

Jaihind News Bureau
Saturday, March 21, 2020

കാസറഗോഡ് ജില്ലയിൽ 6 പേർക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം കൂടിയതോടെ ജില്ലാ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങി.

കേരള-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി വഴികൾ അടച്ചിട്ടു.ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് നിയന്ത്രണം എർപ്പെടുത്തി. പ്രവർത്തനം സമയം രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാക്കി ഉത്തരവിറക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ യഥാസമയം ചികിത്സ തേടാത്തതാണ് രോഗം പടരാൻ ഇടയാക്കുന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ട് ബന്ധുക്കൾക്കും ഗൾഫിൽ നിന്നെത്തിയ രണ്ടു പേർക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.

മാർച്ച് 11ന് പുലർച്ചെ 2.30 ന് ദുബൈയിൽ നിന്ന് എയർ ഇന്ത്യാ വിമാനത്തിൽ കരിപ്പൂരിൽ വിമാനമിറങ്ങിയ കാസർകോട് കുഡ്‌ലു സ്വദേശി അന്ന് കോഴിക്കോട്ടെ ലോഡ്ജിൽ തങ്ങി. 13 ന് രാവിലെ മാവേലി എക്‌സ്പ്രസിലെ എസ്-9 കോച്ചിൽ കാസർകോട്ടെത്തി. പിന്നീട് വീട്ടിലെത്തിയ ശേഷം ഫുട്‌ബോൾ മത്സരത്തിലും ക്ലബ്ബുകളിലും പോയിരുന്നു. രണ്ട് കല്യാണ ചടങ്ങിലും സംബന്ധിച്ചു. കണ്ണിൽ കണ്ടവർക്കെല്ലാം ഷേക്ക് ഹാന്‍റ് നൽകി. ഇതിൽ എംഎൽഎമാരുമായി സെൽഫിയെടുക്കുകയും ഷേക്ക് ഹാന്‍റ് നൽകുകയും ചെയ്തു. വ്യാപകമായി രോഗം പടർത്താൻ ശ്രമിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഇന്നലെ 5 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച എറണാകുളം ജില്ലയിൽ നിലവിൽ 4196 പേർ നിരീക്ഷണത്തിൽ. നിലവിൽ ജില്ലയിൽ 28 പേർ ആശുപത്രിലും ബാക്കിയുള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയും മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം റോഡ് റെയിൽ മാർഗങ്ങൾ വഴി ജില്ലയിലെത്തിയ ആൾക്കാരെ കണ്ടെത്തുവാൻ സി- ട്രാക്കർ സംവിധാനം വഴിയുള്ള വിവരശേഖരണവും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. അതേ സമയം നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യു.കെ. സ്വദേശിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമല്ല. കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി നാളെ പ്രഖ്യാപിച്ചിരിക്കുന്ന ജനത കർഫ്യുവിന്‍റെ ഭാഗമായി കൊച്ചി മെട്രോ സർവ്വീസ് നടത്തില്ലെന്ന് ജില്ല കലക്ടർ എസ്.സുഹാസ് അറിയിച്ചു.

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ രണ്ടുവയസുകാരിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇത് ഉൾപ്പെടെ പുതുതായി ലഭിച്ച രണ്ട് പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ രണ്ടുപേരേയും ഐസൊലേഷൻ വാർഡിൽ നിന്ന് വീട്ടിലേക്ക് മാറ്റി. അഞ്ച് പേരാണ് പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ ഇനിയുള്ളത്.

ജില്ലയിൽ ഗൃഹനിരീക്ഷണത്തിൽ 659 പേരുണ്ട്. 349 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 81 എണ്ണത്തിന്‍റെ ഫലം കൂടി വരാനുണ്ട്.

പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ബഹുജന സമ്പർക്കം ഒഴിവാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ജില്ലയിൽ അയ്യായിരം വോളന്‍റിയർമാരും ആയിരത്തോളം ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും ജനപ്രതിനിധികളും പൊലിസ് ഉദ്യോഗസ്ഥരും ചേർന്ന് വിവിധ കേന്ദ്രങ്ങളിലായി 28,889 വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.