ഇടതുസര്‍ക്കാരിന്‍റെ കൂടുതല്‍ അഴിമതികള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും; രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, October 10, 2018

ഇടതുമുന്നണി സർക്കാരിന്‍റെ കൂടുതൽ അഴിമതികൾ വരുംദിവസങ്ങളിൽ പുറത്തു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിഷയം പ്രതിപക്ഷം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൊച്ചിയിൽ വ്യക്തമാക്കി.

എറണാകുളം ഡി.സി.സി യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാന് നൽകിയ സ്വീകരണവും മുൻ കൺവീനർ പി.പി തങ്കച്ചനുള്ള സ്‌നേഹാദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ശബരിമല വിധി ഇടതു സർക്കാർ ചോദിച്ചുവാങ്ങിയതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും ഏക സിവിൽ കോഡ് എന്ന ഒറ്റ അജണ്ട വെച്ച് സാഹചര്യം വഷളാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രൂവറി-ഡിസ്റ്റിലറി അനുമതി മുഖ്യമന്ത്രി പിൻവലിച്ചത് കൂടുതൽ കാര്യങ്ങൾ പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

പി.പി തങ്കച്ചനും ബെന്നി ബഹന്നാനും എറണാകുളം ഡി.സി.സിയുടെ ഉപഹാരങ്ങൾ പ്രതിപക്ഷ നേതാവ് കൈമാറി. ഡി.സി.സി പ്രസിഡന്‍റ് ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും കെ.പി.സി.സി-ഡി.സി.സി ഭാരവാഹികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.