രാജ്യത്ത് പട്ടിണി കൂടുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന് പിന്നാലെ മോദി സര്‍ക്കാരിന് വിമർശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ അതീവഗുരുതരമായി നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം ഗ്രാമീണമേഖലയെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിസ് (എന്‍.എസ്.ഒ) പുറത്തുവിട്ട റിപ്പോര്‍ട്ട്.
രാജ്യത്തെ തകര്‍ത്തടിച്ച മോദിയുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ ചൂണ്ടിക്കാട്ടി ‘മോഡിണോമിക്സ്’ വളരെ മോശമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാരിന് സ്വന്തം റിപ്പോര്‍ട്ടുകള്‍ മറച്ചുവെക്കേണ്ട അവസ്ഥയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന, നേരത്തെ തന്നെ പുറത്തുവരേണ്ടിയിരുന്ന ഈ റിപ്പോര്‍ട്ട് എന്നാല്‍ ഇപ്പോള്‍ മാത്രമാണ് വെളിച്ചം കാണുന്നത്.
Modinomics stinks so bad, the Govt has to hide its own reports. pic.twitter.com/mnXXBEQEFM
— Rahul Gandhi (@RahulGandhi) November 15, 2019
ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നു എന്നത് വ്യക്തമാക്കി രാജ്യത്തെ ഉപഭോക്തൃ ചെലവ് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍.എസ്.ഒ) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2017 ജൂലൈ മുതൽ 2018 ജൂൺ വരെയുള്ള കാലയളവില്‍ നടത്തിയ ‘കീ ഇന്‍ഡിക്കേറ്റേര്‍സ്; ഹൗസ് ഹോള്‍ഡ് കണ്‍സ്യൂമര്‍ എക്സ്പെഡിച്ചര്‍ ഇന്‍ ഇന്ത്യ’ എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ജനം അവശ്യ വസ്തുക്കള്‍ക്കായി ചെലവാക്കുന്ന തുക ഗണ്യമായി കുറഞ്ഞതായാണ് സർവേയിലെ കണ്ടെത്തല്‍. ഗ്രാമീണ മേഖലയില്‍ ഈ തുകയില്‍ വലിയ തോതില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഒരാളുടെ ഒരു മാസത്തെ ശരാശരി സാമ്പത്തിക വിനിയോഗം 1501 രൂപയായിരുന്നു. ഇത് 2017-18 ല്‍ 1446 രൂപയായി കുറഞ്ഞു. ഉപഭോക്തൃ ചെലവില്‍ 3.7 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.