വനിതാ മതിലിലല്ല ഇത് ‘വര്‍ഗീയ മതില്‍’: എം.എം ഹസന്‍

Jaihind Webdesk
Tuesday, December 4, 2018

വനിതാ മതിലിനായി വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ വ്യക്തികളെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചതുകൊണ്ട് ഇതിന് ഏറ്റവും അനുയോജ്യമായ പേര് വര്‍ഗീയ മതിലെന്നാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍.

മതേതരസമൂഹത്തില്‍ നവോത്ഥാന പാരമ്പര്യമുള്ള ഹൈന്ദവ സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി സമത്വ ആഹ്വാനവുമായി വനിതാ മതില്‍ നടത്താനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ബി.ജെ.പിയുടെ ശൈലിയാണ്. നവോത്ഥാന പാരമ്പര്യമുള്ള എല്ലാ വിഭാഗങ്ങളുടേയും പ്രത്യേകിച്ച് വനിതകളേയും പങ്കെടിപ്പിക്കാതെ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുത്ത പലസംഘടനകളും സര്‍ക്കാരിന്‍റെ തട്ടിപ്പ് തിരിച്ചറിഞ്ഞ് പിന്‍മാറുകയും ചെയ്തു. മതത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

https://www.youtube.com/watch?v=HqkBCeLXs0c

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്‍റെ സമാധിസ്ഥലമായ ശിവഗിരി തീര്‍ഥാടനത്തിന്‍റെ സമാപനവും മന്നത്ത് പത്മനാഭന്‍റെ ജയന്തിയും വരുന്ന ജനുവരി ഒന്ന് തന്നെ വനിതാ മതില്‍ രൂപീകരണത്തിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത് രണ്ട് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളോടും കാണിക്കുന്ന അനാദരവാണ്. ഇത് രണ്ട് തീര്‍ഥാടനത്തേയും ഒരുപോലെ ബാധിക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുണ്ടായ പരാജയത്തില്‍ നിന്ന് രക്ഷനേടാന്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന വനിതാമതില്‍ ഒരു പാര്‍ട്ടി പരിപാടിയായി മാറ്റാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എം.എം ഹസന്‍ വ്യക്തമാക്കി.