മന്ത്രി കെ.ടി ജലീലിന്‍റെ രാജി അനിവാര്യം: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, November 12, 2018

Ramesh-Chennithala

ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീലിന്‍റെ രാജി അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദീബിന്‍റെ രാജി കൊണ്ട് മാത്രം പ്രശ്നം അവസാനിക്കില്ലെന്നും അല്ലാത്ത പക്ഷം സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗ്നമായ ചട്ടലംഘനങ്ങളും നിയമലംഘനങ്ങളും ആണ് ഇതില്‍ നടന്നത്. അതിന് തെളിവാണ് ഇപ്പോഴത്തെ അദീബിന്‍റെ രാജി. ഇക്കാര്യത്തില്‍ സി.പി.എം കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ്.

അതീവ ഗൗരവമുള്ള ആരോപണങ്ങളാണ് മന്ത്രിക്ക് നേരെ ഒരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്വജനപക്ഷപാത്തിലൂടെയും, അഴിമതിയിലൂടെയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്ന മന്ത്രിക്ക് ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. മന്ത്രിയെ സംരക്ഷിക്കാനുള്ള സി.പി.എം നീക്കം വിലപ്പോകില്ല.

ബ്രൂവറി-ഡിസ്റ്റിലറി വിഷയത്തില്‍ ചട്ടലംഘനം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ഉത്തരവ് പിന്‍വലിച്ച് രക്ഷപ്പെട്ടതുപോലെ ഇവിടെയും അദീബിനെ രാജിവെപ്പിച്ചുകൊണ്ട് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കട്ടമുതല്‍ തിരിച്ച് കൊടുത്താല്‍ കളവല്ലാതാകുന്നില്ല എന്ന പോലെ ചട്ടം ലംഘനം നടത്തി നിയമിപ്പിക്കെട്ടയാള്‍ രാജിവച്ചാലും അത് ചട്ടലംഘനവും, സ്വജനപക്ഷപാതവും ആകാതിരിക്കുന്നില്ല. അത് കൊണ്ട് തന്നെ മന്ത്രി കെ.ടി ജലില്‍ രാജിവെച്ച് പുറത്തുപോവുക തന്നെയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.