സുപ്രീം കോടതിയുടെ അന്ത്യശാസനമാണ് മരട് ഫ്ലാറ്റുകൾ നിലപൊത്താൻ കാരണമായത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിന് എതിരെ ഏറെ നാൾ നീണ്ട നിയമപോരാട്ടം. ഫ്ലാറ്റുകളെ നിലംപൊത്തിച്ച ആ നാൾവഴികളിലൂടെ…
2006 സെപ്റ്റംബർ 19 ന് നിർമ്മാണ അനുമതി നൽകിയ ഫ്ലാറ്റുകൾ 2010 ലാണ് നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിയത്,
എന്നാൽ ഈ ഫ്ലാറ്റ് നിർമാണങ്ങൾ തീരദേശ പരിപാല നിയമം ലംഘിച്ച് നിർമിച്ചവയാണെന്നാണ് കണ്ടെത്തൽ ശരിയാണെന്ന് സുപ്രീം കോടതി കണ്ടെത്തുകയും തുടർന്ന് അവ പൊളിച്ചു നീക്കാൻ ഉത്തരവ് ഇടുകയുമാണ് ഉണ്ടായത്. സെപ്തംബർ ആറിന് ഇക്കാര്യത്തിൽ ഇനിയൊരു കാലതാമസം ഉണ്ടാകരുതെന്ന അന്ത്യശാസനം വന്നതോടെയാണ് മരട് വാർത്തകളിൽ നിറഞ്ഞത്. തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം അനുസരിച്ചുള്ള കാറ്റഗറികളിൽ സിആർഇസ്ഡ് ഒന്നിലും മൂന്നിലും വരുന്നതാണ് മരട്. അഞ്ചു ബിൽഡേഴ്സിനും പഞ്ചായത്തിൽ നിന്നും നോട്ടീസ് നൽകുകയും പിന്നാലെ നിർമാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു.
നിർമാണാനുമതി നൽകി ഏകദേശം ഒമ്പത് മാസങ്ങൾക്കു ശേഷമായിരുന്നു ഇത്തരമൊരു നടപടി വരുന്നത്. 2007 ൽ മരട് പഞ്ചായത്തിൽ നിന്നും കിട്ടിയ സ്റ്റോപ്പ് മെമ്മോയ്ക്കെതിരേ ഫ്ലാറ്റ് നിർമാതാക്കൾ ഹൈക്കോടതിയിൽ കേസിനു പോയി. സിംഗിൾ ബഞ്ചിനു ഹർജിക്കാർ ചൂണ്ടിക്കാട്ടിയ കാര്യം പെർമിറ്റിനു വിരുദ്ധമായി തങ്ങൾ നിർമാണം നടത്തി എന്നു കാണിച്ചു സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണെന്നും അത് റദ്ദ് ചെയ്യണമെന്നുമായിരുന്നു.
2012 സെപ്തംബർ 19-ന് നിർമാതാക്കൾ നൽകിയ ഹർജിയിൽ അവർക്ക് അനുകൂലമായി സിംഗിൾ ബഞ്ചിൽ നിന്നും വിധി വരികയും ചെയ്തു. ഹൈക്കോടതി സിംഗിൾ ബഞ്ച് അനുകൂല ഉത്തരവ് നൽകിയതും കാര്യങ്ങൾ നിർമാതാക്കൾക്ക് അനുകൂലമായി മാറിയെന്നു കണ്ടതോടെയാണ്
കെഎസ്ഇസഡ്എംഎ കേസിൽ ഇടപെടുന്നത്. 2015 ജൂണിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ ഹർജിയെത്തി. എന്നാൽ ഡിവിഷൻ ബഞ്ചിൽ നിന്നും നിർമാതാക്കൾക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. സർക്കാരും നഗരസഭയും നിർമാതാക്കൾക്കെതിരായി ഒന്നും ചെയ്യരുതെന്ന കോടതി ഉത്തരവ് ഉണ്ടായി. കേരള സ്റ്റേറ്റ് സോണൽ മാനേജ്മെന്റ് അതോറിറ്റി ഈ വിഷയത്തിൽ നിന്നും പിന്മാറാൻ ഒരുക്കമല്ലായിരുന്നു. 2016-ൽ നൽകിയ അപ്പീലിൽ സോണൽ മാനേജ്മെന്റ് അഥോറിറ്റി സുപ്രീം കോടതിയെ ധരിപ്പിച്ചത് ഈ നിർമാണങ്ങൾ എല്ലാം തന്നെ തീരദേശ നിയന്ത്രണ മേഖല നിയമങ്ങൾ ലംഘിച്ചുകൊണ്ടുളളവ തന്നെയാണ് എന്നതായിരുന്നു. ഹൈക്കോടതിയിലേതിൽ നിന്നും വ്യത്യസ്തമായി വാദപ്രതിവാദങ്ങൾ സുപ്രീം കോടതിയിൽ നടന്നു.
കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാൻ വേണ്ടി മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി സമിതി നടത്തിയ അന്വേഷണത്തിൽ സിആർഇസഡ് നിയമങ്ങൾ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്ന കണ്ടെത്തൽ ഉണ്ടായി. അതിന്റെ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2019 മേയ് എട്ടിന് ജസ്റ്റീസ് അരുൺ മിശ്ര, ജസിറ്റീസ് നവീൻ സിൻഹ എന്നിവരുടെ ബഞ്ച് നിയമലംഘനം നടത്തി നിർമിച്ച ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിടുന്നത്. ഈ ഉത്തരവ് പാലിക്കപ്പെടാതെ പോകുന്നതിന്റെ അടിസ്ഥാനത്തിൽ സെപ്തംബർ ആറിന് കോടതി അന്ത്യശാസനം നൽകുകയും സെപ്തംബർ 20-നകം പൊളിച്ചു നീക്കിയില്ലെങ്കിൽ ഗുരതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.