ലോക്ക് ഡൗണ്‍: സ്വദേശത്തേക്കു മടങ്ങാന്‍ ഡല്‍ഹി ബസ് സ്റ്റേഷനില്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍ | Video

Jaihind News Bureau
Sunday, March 29, 2020

കൊവിഡ് 19 ന്‍റെ വ്യാപനം അതിവേഗം തുടരുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ആരും പുറത്തിറങ്ങരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്യുന്നതിനിടെ സ്വദേശത്തേക്ക് പോവാനായി ഡല്‍ഹി ബസ് സ്റ്റേഷനില്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍. 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഒട്ടുമിക്ക വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടിയതോടെ ജോലിയില്ലാതായ അന്യസംസ്ഥാന തൊഴിലാളികളും മറ്റുമാണ് ഉത്തര്‍ പ്രദേശ് അതിര്‍ത്തിക്കപ്പുറത്തുള്ള സ്വന്തം പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മടങ്ങാന്‍ ബസ് തേടി തടിച്ചുകൂടിയത്. തലസ്ഥാന നഗരം നിശ്ചലമായതോടെ രാവും പകലും നടന്ന് മുന്നൂറിലധികം കിലോമീറ്റർ ദൂരെയുള്ള ഗ്രാമങ്ങളിലേക്ക് തൊഴിലാളികൾ കാൽനടയായി പലായനം ചെയ്ത് തുടങ്ങിയത് വാർത്തയായിരുന്നു. ഇതോടെയാണ് ഉത്തർപ്രദേശ്, ദില്ലി സർക്കാരുകൾ ബസ് സർവീസ് തുടങ്ങിയത്. കാൺപൂർ, ബല്ലിയ, വാരാണസി, ഗൊരഖ്പൂർ ഉൾപ്പടെ പതിനഞ്ച് നഗരങ്ങളിലേക്ക് ബസ് സർവീസ് തുടങ്ങിയത്. എന്നാല്‍, ബസ് സർവ്വീസ് എന്നു വരെയുണ്ടാകുമെന്ന് വ്യക്തമല്ലാത്തതാണ് ബസ് കാത്ത് നിൽക്കുന്ന ആളുകളുടെ നീണ്ട നിര സൃഷ്ടിച്ചത്. ഇവരെ നിയന്ത്രിക്കാന്‍ കഴിയാതെ അധികൃതർ ബുദ്ധിമുട്ടിലായി. കൊവിഡ് 19 ന്‍റെ സമൂഹ വ്യാപന ഭീതിയും ഈ സാഹചര്യത്തില്‍ രൂക്ഷമാണ്.

“സര്‍ക്കാര്‍ ഒരു ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് പോവുകയാണ്. ഇവിടെ കിടന്നാല്‍ ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കും” എന്നായിരുന്നു തൊഴിലാളികളുടെ പ്രതികരണം.

അന്യസംസ്ഥാന തൊഴിലാളികളോട് സര്‍ക്കാരുകള്‍ കാണിക്കുന്ന നിലപാട് ശരിയല്ലെന്ന് യുപി അതിര്‍ത്തിക്കടുത്തുള്ള ഖാസിപൂരില്‍ ബസ്സുകളില്‍ കയറാന്‍ ആയിരക്കണക്കിന് ആളുകള്‍ കാത്തിരിക്കുന്ന വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ‘ജോലി നഷ്ടപ്പെടുകയും ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്ത ദശലക്ഷക്കണക്കിന് സഹോദരങ്ങള്‍ അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്താന്‍ പാടുപെടുകയാണ്. ഒരു ഇന്ത്യന്‍ പൗരനെയും ഈ രീതിയില്‍ പരിഗണിച്ചത് ലജ്ജാകരമാണ്. ഇവരെ നാടുകളിലെത്തിക്കാന്‍ സര്‍ക്കാരിന് പദ്ധതികളൊന്നുമില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വരാനിരിക്കുന്ന ദുരന്തത്തെ ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി സ്ത്രീകളും കുട്ടികളും വൃദ്ധരും അനുഭവിക്കുന്ന ദുരവസ്ഥയും യാത്രാ ദുരിതവും പ്രിയങ്ക പങ്കുവച്ചിരുന്നു.