കണ്ണൂരിൽ നിന്ന് ഉത്തർ പ്രദേശിലേക്ക് ട്രെയിനുണ്ടെന്നു തെറ്റിദ്ധരിച്ച് നൂറോളം അതിഥി തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത് ബഹളത്തിന് കാരണമായി. വളപ്പട്ടണത്ത് നിന്ന് റെയിൽവേ ട്രാക്കിലൂടെ നടന്നാണ് ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. റയിൽവേ സ്റ്റേഷനിൽ നിന്ന് പിരിഞ്ഞ് പോകാതിരുന്ന അതിഥി തൊഴിലാളികളെ പൊലീസ് ബലം പ്രയോഗിച്ച് താമസസ്ഥലത്തേക്ക് തിരിച്ച് അയച്ചു.
ഉത്തർ പ്രദേശിലേയ്ക്ക് ട്രെയിനുണ്ടെന്ന വിവരത്തെ തുടർന്നാണ് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കാൽനടയായി സഞ്ചരിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. രാവിലെ എട്ടുമണിയോടെയാണ് തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വളപട്ടണം ഭാഗത്തുനിന്ന് റയിൽ പാളത്തിലൂടെയാണ് അതിഥി തൊഴിലാളികൾ നടന്നെത്തിയത്. തൊഴിലാളികൾ റെയിൽവേ ട്രാക്കുവഴി നടന്നുവന്നതിനാൽ ഇവർ സ്റ്റേഷനിലെത്തുന്നത് വരെ അധികമാരുടെയും ശ്രദ്ധയിൽപെട്ടില്ല.ബാഗും വസ്ത്രങ്ങളും ഉൾപ്പടെ നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് തയ്യാറായാണ് നൂറുകണക്കിന് അതിഥി തൊഴിലാളികൾ എത്തിയത്.
ഇവർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയപ്പോൾ മാത്രമാണ് ആർ പിഎഫും പോലീസും ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയുന്നത്. റയിൽവേ സ്റ്റേഷൻ്റെ പുറത്ത് കൂട്ടമായി നിന്ന അതിഥി തൊഴിലാളികൾ ബഹളം വെക്കുകയും ചെയ്തു.ഇതോടെ പൊലീസും, ആർ പി എഫ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.ഉത്തർപ്രദേശിലേക്ക് ട്രെയിൻ ഇന്ന് ഇല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇവരെ അറിയിച്ചു. താമസിച്ച സ്ഥലത്തേക്ക് തിരിച്ച് പോകണമെന്ന് ആവശ്യപ്പെട്ടിട്ടും അതിഥി തൊഴിലാളികൾ അതിന് തയ്യാറായില്ല. റയിൽവേ സ്റ്റേഷന് മുന്നിലെ റോഡിൽ ഇവർ നിലയുറപ്പിക്കുകയും ചെയ്തു. കണ്ണൂർ എസ് പി ,തഹസിൽദാർ, ലേബർ ഓഫിസർ ഉൾപ്പടെ സ്ഥലത്ത് എത്തി അതിഥി തൊഴിലാളികളുമായി സംസാരിച്ചു. എന്നാൽ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് അതിഥി തൊഴിലാളികൾ ബഹളം വെച്ചു.
തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് അതിഥി തൊഴിലാളികളെ താമസ സ്ഥലത്തേക്ക് തിരിച്ച് അയച്ചു.കെ എസ് ആർ ടി സി ബസ്സിലാണ് തിരിച്ചയച്ചത്.