എം.ജി സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകൾ കൈക്കലാക്കിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി വൈസ് ചാൻസിലർ. ഇക്കാര്യം വിശദീകരിച്ച് വി.സി ഗവർണർക്ക് കത്ത് നൽകി. മേലില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും വൈസ് ചാൻസലർ ഗവർണർക്ക് നല്കിയ വിശദീകരണത്തില്‍ പറയുന്നു.
സിൻഡിക്കേറ്റ് അംഗം ഡോ ആർ പ്രഗാഷ് കുട്ടികളുടെ രജിസ്റ്റർ നമ്പർ രഹസ്യ നമ്പർ ഉൾപ്പെടെ അപേക്ഷ നൽകി വാങ്ങിയിരുന്നു . വൈസ് ചാൻസലറുടെ അനുമതിയോടെയാണ് സിൻഡിക്കേറ്റ് അംഗത്തിന് ഇവ ലഭിച്ചത്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് അതീവ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ട വിദ്യാർത്ഥികളുടെ ഫാൾസ് നമ്പറടങ്ങിയ ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റ് അംഗത്തിന് ലഭിച്ചത്. എം കോമിന്റെ 12 ഉത്തരക്കടലാസുകള്‍ രേഖകളില്ലാതെ ആദ്യം സംഘടിപ്പിച്ച ഡോ. ആര് പ്രഗാഷ് വി.സിയുടെ കത്തോട് കൂടി 31 എണ്ണം ആവശ്യപ്പെട്ടു. 54 ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ ഡോ. പ്രഗാഷിനെതിരെ ഒരന്വേഷണം പോലും നടത്തിയില്ല. പ്രഗാഷിന് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് എല്ലാ അനുവാദവും നല്കിയ വൈസ്ചാൻസിലര്ക്കെതിരെയും ഒരു നടപടിയുമില്ല.
ഇതിനിടെയാണ് സിൻഡിക്കേറ്റ് അംഗം ഡോ. പ്രഗാഷിനെ ന്യായീകരിച്ച് ഈ വിഷയത്തില്‍ വൈസ്ചാൻസിലര് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഉത്തരക്കടലാസുകള്‍ എടുക്കാൻ അനുവദിച്ചതില്‍ വീഴ്ച പറ്റിയെന്ന് പരോക്ഷമായി വൈസ് ചാൻസിലര്‍ സമ്മതിക്കുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന കുറ്റസമ്മതവുമുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചിട്ടില്ലെന്നാണ് സിൻഡിക്കേറ്റംഗം പ്രഗാഷ് മറുപടി നല്‍കിയതെന്നും വൈസ് ചാൻസിലര്‍ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
മന്ത്രി കെ ടി ജലീൽ ഉൾപ്പെടുന്ന മാർക്ക് ദാന വിവാദത്തിന് പുറമേയാണ് ഇത്തരം സംഭവങ്ങൾ എം.ജി സർവകലാശാലയിൽ ഉണ്ടായിരിക്കുന്നത്. അധികൃതരുടെയും അധികാരികളുടെയും ഒത്തുകളികൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ സർവകലാശാലയുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്.