ശബരിമലയിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും വില വർദ്ധനവ് ആവശ്യപ്പെട്ട് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചു.
5 വർഷക്കാലമായി വില വർദ്ധനവ് വരുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികൾ കോടതിയെ സമിപിച്ചത്. വ്യാപാരികളുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി കളക്ടറോട് വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
ശബരിമല പമ്പ നിലക്കൽ എന്നിവിടങ്ങളിലെ ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുടെ വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല വ്യാപാരി വ്യവസായി സമിതി ഹൈക്കോടതിയിൽ സമീപിച്ചത്. വ്യാപരികളുടെ വാദം കേട്ട ഹൈക്കോടതി പത്തനംതിട്ട ജില്ലാ കളക്ടറോട് ഇന്ന് തന്നെ റിപ്പോർട്ട് ആവശ്യപ്പെട്ടു. 2015ന് ശേഷം ശബരിമലയിലെ ഹോട്ടലുകൾ ഉൾപ്പെടുന്ന വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുടെ വില വർദ്ദിപ്പിച്ചിട്ടില്ലെന്നും ഇത് വ്യാപാരികളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണെന്നും കാട്ടിയാണ് വ്യാപാരികൾ കേടതിയെ സമീപിച്ചത്. കഴിഞ്ഞ 5 വർഷമായി സാധനങ്ങളുടെ വില ഇരട്ടിയിലധികം വർദ്ദിച്ചിരിക്കുകയാണ്. മാത്രമല്ല ദേവസ്വം ബോർഡ് ലേലതുകയിലും വൻ വർദ്ധനമാണ് വരുത്തിയത് സാധനങ്ങൾ തലച്ചുമടായും ട്രാക്ടറിലും സന്നിധാനത്ത് എത്തിക്കുന്നതിനും ഇരട്ടിയിലധികം വർദ്ധനവാണ് ഏതാനും വർഷങ്ങളായി ഉണ്ടായിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ ജോലി നോക്കുന്ന ജീവനക്കാരുടെയും കൂലി ഇരട്ടിയിലധികം വർദ്ധിച്ചു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് കളക്ടർ ഏകപക്ഷീയമായി വിലവിവര പട്ടിക പ്രസിദ്ധീകരിച്ചതെന്നും വ്യാപാരികൾ നൽകിയ ഹർജിയിൽ പറയുനുണ്ട്.
എല്ലാ വർഷവും കളക്ടറേറ്റിൽ വ്യാപാരികളേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേർത്താണ് തീർത്ഥാടനത്തിന് മുൻപ് വില വിവരപട്ടിക തയ്യാറാക്കുന്നത്. ഈ യോഗത്തിലേക്ക് ശബരിമലയിലെ വ്യാപാരികളുടെ സംഘടനയായ ശബരിമല വ്യാപാരി വ്യവസായി സമിതിയെ മാത്രം വിളിച്ചിരുന്നില്ല. ഇത്തവണ തങ്ങളെ കൂടി യോഗത്തിന് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് രേഖാമൂലം ഇവർ കത്തു നൽകിയിരുന്നു. ഇക്കാര്യവും വ്യാപാരികൾ തങ്ങളുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വില വർദ്ധനവിന്റെ കാര്യത്തിൽ കളക്ടറുടെ റിപ്പോർട്ടും ദേവസ്വം ബോർഡിന്റെ നിലപാട് കൂടി പരിഗണിച്ച ശേഷം മാത്രമെ കോടതി തിരുമാനം സ്വീകരിക്കുകയുള്ളു.