
ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോയുടെ പേരില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യല്‍ മീഡിയകളിലും വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നല്കി. ‘വമ്പിച്ച ഓഫറുകള്‍’, ‘ഐഫോണ്‍ പോലുള്ള സമ്മാനങ്ങള്‍ നേടാം’ എന്ന തരത്തിലാണ് ഈ തട്ടിപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
വ്യാജ ലിങ്കുകള്‍ ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച് വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കുകയാണ് കുറ്റവാളികളുടെ പ്രധാന ലക്ഷ്യം. ഇത് ഒരുതരം ഫിഷിംഗ് തട്ടിപ്പാകാനാണ് സാധ്യത. ഇത്തരം ലിങ്കുകളില്‍ ക്ലിക്കുചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങള്‍, കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി. എന്നിവ തട്ടിപ്പുകാര്‍ക്ക് കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു.
ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍, അപരിചിതരില്‍ നിന്ന് വരുന്നതോ പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ളതോ ആയ സമ്മാനങ്ങളും വമ്പന്‍ ഓഫറുകളും വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളെ അതീവ ജാഗ്രതയോടെ സമീപിക്കണം. ലിങ്കുകള്‍ ലഭിച്ചാല്‍ അവയില്‍ ക്ലിക്ക് ചെയ്യാതെ, ആ ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ ആപ്പിലോ മാത്രം ഓഫറുകളുടെ വിവരങ്ങള്‍ പരിശോധിക്കണമെന്ന് കേരള പോലീസ് നിര്‍ദ്ദേശിച്ചു.