കോഴിക്കോട് ചെറുവണ്ണൂരിൽ ദേശീയപാതയോരത്ത് വൻ തീപിടിത്തം

Jaihind News Bureau
Tuesday, December 29, 2020

കോഴിക്കോട് : കാർ ഷോറൂമിന് സമീപത്തെ ആക്രി കടയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ ആണ് തീപിടിത്തമുണ്ടായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് തീ പടർന്നത്. തീ നിയന്ത്രണവിധേയമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

കോഴിക്കോട് ചെറുവണ്ണൂർ ആക്രിക്കടയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട ഭാഗത്താണ് പുലർച്ചെ അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്. ഇവിടെ താമസിച്ചിരുന്ന 10 ബംഗാളി തൊഴിലാളികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് കോഴിക്കോട് ജില്ലയിലെ 20 അഗ്നിശമന യൂണിറ്റുകളും മലപ്പുറം ജില്ലയിൽ നിന്നെത്തിയ അഗ്നിശമന യൂണിറ്റുകളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ആറു മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ തീ പടരുന്നത് പൂർണമായും ഇല്ലാതാക്കിയതായി ജില്ലാ കളക്ടർ വ്യക്തമാക്കി. എന്നാൽ തീ പടർന്നു പിടിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ആക്രിക്കട സമീപത്തുതന്നെ കാർ ഷോറൂമുകളും ഗ്യാസ് സിലിണ്ടർ ഗോഡൗണും പ്രവർത്തിച്ചുവരുന്നുവെങ്കിലും നാട്ടുകാരുടെയും അഗ്നിശമനസേനാ ഉദ്യോഗസ്ഥരുടെയും ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

അതേസമയം പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന ഈ ആക്രികടയ്ക്ക് ലൈസൻസ് ഇല്ലായിരുന്നു എന്ന് കോഴിക്കോട് കോർപറേഷൻ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടറുടെ നിർദേശിച്ചതായി സ്ഥലം സന്ദർശിച്ച മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.