സി.ബി.ഐയില്‍ കൂട്ടസ്ഥലം മാറ്റം: നീരവ് മോദി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ തെറിപ്പിച്ചു

Jaihind Webdesk
Tuesday, January 22, 2019

ന്യൂഡല്‍ഹി: സി.ബി.ഐയില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം. ബാങ്കുകളെ തട്ടിച്ച് കടന്നുകളഞ്ഞ വിവാദ വജ്ര വ്യാപാരി നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയുള്‍പ്പെടെ 20 പേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വരുന്ന 24 ന് പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി ചേരാനിരിക്കുന്നതിനിടെയാണ് നടപടി. ഇടക്കാല ഡയറക്ടര്‍ എം. നാഗേശ്വര റാവു ആണ് ഉദ്യോഗസ്ഥരെ മാറ്റി ഉത്തരവിറക്കിയത്.

നേരത്തെ നാഗേശ്വര റാവുവിന്റെ സ്ഥലം മാറ്റങ്ങള്‍ വിവാദമായിട്ടുണ്ട്. ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ പുറത്താക്കി ഇടക്കാല ഡയറക്ടറായി നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് റാവു കൂട്ടസ്ഥലമാറ്റം നടത്തിയത്. എന്നാല്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ചെത്തിയ അലോക് വര്‍മ സ്ഥലം മാറ്റിയ ജീവനക്കാരെ വീണ്ടും തിരിച്ചുകൊണ്ടുവന്നു. അസ്താനയുടെ വിശ്വസ്തരെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാല്‍ ഉന്നതാധികാര സമിതിയുടെ തീരുമാന പ്രകാരം അലോക് വര്‍മയ്ക്കു സിബിഐയില്‍നിന്നും പടിയിറങ്ങേണ്ടിവന്നു. അലോക് വര്‍മ നടത്തിയ സ്ഥലം മാറ്റങ്ങളെല്ലാം ഇതോടെ വര്‍മ ഇല്ലാതാക്കുകയും ചെയ്തു.

നീരവ് മോദി, മെഹുല്‍ ചോക്‌സി കേസ് അന്വേഷിക്കുന്ന എസ്.കെ നായരെ മുംബൈ ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് മാറ്റി. ചെന്നൈയില്‍നിന്നുള്ള എസ്പി എ. ശരവണനെയാണ് പകരം നിയമിച്ചത്. ശരവണന്‍ തൂത്തുക്കുടി സ്റ്റര്‍ലൈറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചുവരികയായിരുന്നു. ടൂജി സ്‌പെക്ട്രം അഴിമതി അന്വേഷിച്ചിരുന്ന അഴിമതി വിരുദ്ധ അന്വേഷണ യൂണിറ്റിലെ വിവേക് പ്രിയദര്‍ശിനിയെയും ട്രാന്‍സ്ഫര്‍ നല്‍കി പറപ്പിച്ചു.

 

teevandi enkile ennodu para