കേരള സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പ്: തട്ടിപ്പ് മാഫിയയെ സംരക്ഷിക്കാന്‍ ശ്രമം

കേരള സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ രേഖകളില്‍ കൃത്രിമം കാണിച്ച് വന്‍മാര്‍ക്ക് തട്ടിപ്പെന്ന് സ്ഥിരീകരിക്കുന്ന പ്രാഥമിക റിപ്പോർട്ട് പുറത്ത്. ബി.ബി.എ, ബി.സി.എ പരീക്ഷകളിൽ ക്രമക്കേട് നടന്നുവെന്ന് റിപ്പാർട്ടിൽ പറയുന്നു. കൺട്രോളർക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്  ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.
കേരള സർവകലാശാലയിൽ മാർക്ക് തിരിമറിക്ക് ഉപയോഗിച്ചത്  ഡപ്യൂട്ടി രജിസ്ട്രാറുടെ യുസർ ഐ ഡി യാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ടാബുലേഷൻ സോഫ്റ്റ് വെയർ കൈകാര്യം ചെയ്യാൻ അധികാരം സെക്ഷനിലുള്ളവർക്ക്  മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2018 ജൂണിലും , 2019 മേയിലും മാർക്ക് തിരിമറി നടന്നതായുള്ള  ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. ബി.ബി.എ , ബി.സി.എ ഡിഗ്രി പരീക്ഷകളിലാണ് മോഡറേഷനിൽ മാര്‍ക്ക് കൂട്ടി നല്‍കിയത്.
പരീക്ഷയില്‍തോറ്റ നൂറുകണക്കിനുപേര്‍ ഇതിലൂടെ വിജയിച്ചു. ഒരു ഡെപ്യൂട്ടി രജിസ്ട്രാര്‍ക്കെതിരെ മാത്രം നടപടിയെടുത്ത് തട്ടിപ്പിന് പിന്നിലെ റാക്കറ്റിനെ രക്ഷിക്കാന്‍ സര്‍വകലാശാല ശ്രമിക്കുന്നതായും പരാതി ഉയർന്നിരുന്നു. ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ സംവിധാനത്തിന് കീഴിലുള്ള 16 ബിഎസ്.സി, ബിഎ പരീക്ഷകളില്‍ പാസ്ബോര്‍ഡ് അനുവദിച്ച മോഡറേഷനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് കമ്പ്യൂട്ടര്‍ രേഖകളില്‍ രേഖപ്പെടുത്തിയാണ് കേരള സര്‍വകലാശാലയില്‍ വന്‍ മാര്‍ക്ക് തട്ടിപ്പ് നടന്നിരിക്കുന്നത്.  ഉദാഹരണത്തിന് കമ്പ്യൂട്ടര്‍ സയന്‍സിന് രണ്ട് മാര്‍ക്കാണ് പാസ്്ബോര്‍ഡ്് തീരുമാനിച്ചത്. ഇതില്‍തിരിമറി നടത്തി എട്ട് മാര്‍ക്ക് മോഡറേഷനായി രേഖപ്പെടുത്തി.
ഇതുപോലെ 15 മറ്റ് പരീക്ഷകളിലും മോഡറേഷന്‍ കൂട്ടി നല്‍കി.  തോറ്റ നൂറുകണക്കിനുപേരും മാർക്ക് ‘ അട്ടിമറി നടന്നതോടെ പരീക്ഷയിൽ ജയിച്ചു. ജയിച്ചുവെന്നറിയാതെ റീവാല്യുവേഷനും പുനപരീക്ഷക്കും കുട്ടികള്‍ അപേക്ഷിച്ചപ്പോഴാണ് കൃത്രിമം പുറത്തുവന്നത്. 2018 നവംബറില്‍സ്ഥലം മാറിപ്പോയ ഡെപ്യൂട്ടിരജിസ്ട്രാറെ മാത്രം സസ്പെന്‍ഡ് ചെയ്ത് വലിയ തട്ടിപ്പ് മറക്കാനാണ് സര്‍വകലാശാല ശ്രമിക്കുന്നത്.
Comments (0)
Add Comment