ജപ്തിഭയന്ന് ആത്മഹത്യ: മാരായമുട്ടത്തെ ദുരന്തം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്; കര്‍ശന നടപടി വേണം: രമേശ് ചെന്നിത്തല

Tuesday, May 14, 2019

RameshChennithala

തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്കടുത്ത് മാരായമുട്ടത്ത് ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ശരീരത്തിന് തീകൊളുത്തുകയും മകള്‍ മരിക്കുകയും ചെയ്ത ദാരുണ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ബാങ്കിന്റെ കടുത്ത ഭീഷണിയെയും സമ്മര്‍ദ്ദത്തെയും അമ്മയ്ക്കും മകള്‍ക്കും ഈ കടുംകൈ ചെയ്യേണ്ടി വന്നത്. ഇക്കാര്യത്തില്‍ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാവണം.

ആയിരക്കണക്കിന് കോടി രൂപ ബാങ്കുകളെ പറ്റിക്കുന്ന അതിസമ്പന്നര്‍ സുരക്ഷിതരായി നാട് വിടുമ്പോഴാണ് തലചായ്ക്കാന്‍ ഒരു കൂര പണിയുന്നതിന് ചെറിയ തുക വായ്പ എടുക്കുന്നവര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ടി വരുന്നത്. പാവങ്ങളെ വേട്ടയാടാന്‍ ബാങ്കുകള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുക്കുകയാണ്. പതിനഞ്ചു വര്‍ഷം മുന്‍പാണ് വീടു പണിതീര്‍ക്കാനായി ഇവര്‍ കാനാറാ ബാങ്ക് ശാഖയില്‍ നിന്ന് 5 ലക്ഷം രൂപ വായ്പ എടുത്തത്. പലപ്പോഴായി വലിയ തുക തിരിച്ചടച്ചു. കടുംബനാഥനായ ചന്ദ്രന് ഗള്‍ഫിലെ ജോലി നഷ്ടമായതോടെയാണ് ബാക്കി തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നത്. വീട് വില്‍ക്കാന്‍ കുടംബം ശ്രമിച്ചു വരികായയിരുന്നു. ബാങ്ക് അല്പം സാവകാശം കൂടി നല്‍കിയിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.

ബാങ്കുകളുടെ കടുത്ത നടപടികള്‍ കാരണം കര്‍ഷകരും അല്ലാത്ത പാവങ്ങളും ആത്മഹത്യ ചെയ്യുന്നത് കേരളത്തില്‍ നിത്യസംഭവം ആയിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറിട്ടോറിയമൊന്നും ബാങ്കുകള്‍ വില കല്പിച്ചിട്ടില്ല. ബാങ്കുകളുടെ ഭീഷണിയില്‍ നിന്ന് സാധുക്കളെ രക്ഷിക്കുന്നതിന് സര്‍ക്കാരിന് കഴിയുന്നുമില്ല. ബാങ്കുകല്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോവുമ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചകളും നടത്തിയിരിക്കുകയാണ്. ഈ ദുരന്തത്തിലേക്ക് ഈ കുടുംബത്തെ നയിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.