നാളെ മുതൽ 23 വരെ നഗരസഭയ്ക്ക് മുന്നിൽ മരട് ഫ്ലാറ്റുടമകളുടെ ധർണ്ണാ സമരം. രാവിലെ 10മണി മുതൽ വൈകുന്നേരം 5മണി വരെയാണ് നഗരസഭയ്ക്ക് മുന്നിൽ ധർണ്ണാ സമരം നടത്തുന്നത്. വൈകുന്നേരം 5 മണി മുതൽ 9 മണി വരെ ഹോളി ഫെയ്ത് ഫ്ലാറ്റിനു മുന്നില്‍ പന്തൽ കെട്ടി സമരവും സംഘടിപ്പിക്കും.
അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ ഫ്ലാറ്റുകൾ ഒഴിയില്ലെന്ന് മരടിലെ ഫ്ലാറ്റുടമകൾ വ്യക്തമാക്കി. 12 ഫ്ലാറ്റുടമകൾ നഗരസഭയുടെ നോട്ടീസിന് മറുപടി നൽകി. സർക്കാർ നിർദേശങ്ങൾ അനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് മരട് നഗരസഭ സെക്രട്ടറിയും വ്യക്തമാക്കി.
തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. കോടതി വിധി പ്രകാരം ഫ്ലാറ്റുകൾ സന്ദർശിച്ച ചീഫ് സെക്രട്ടറി ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ നഗരസഭയ്ക്ക് നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് നഗരസഭാ കൗണ്‍സില്‍ യോഗം ചേർന്ന് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയണമെന്ന് കാണിച്ച് ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസ് നല്‍കുന്നത് അടക്കമുള്ള നടപടികളിലേയ്ക്ക് കടന്നത്. താമസക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലെങ്കിലും ഫ്ലാറ്റ് പൊളിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് നഗരസഭ. കെട്ടിടം പൊളിക്കാൻ വിദഗ്ധരായ ഏജൻസികളെ കണ്ടെത്തുന്നതിനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുകയാണ്.
സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ഫ്ലാറ്റുകളിലെ 357 കുടുംബങ്ങളോടും അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്നാണ് നഗരസഭ നിർദ്ദേശം നല്‍കിയിരിക്കുന്നത്. പത്താം തീയതിയാണ് ഇതുസംബന്ധിച്ച നഗരസഭ സെക്രട്ടറി ഉത്തരവ് ഇറക്കിയത്. ഫ്ലാറ്റുകൾ ഒഴിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കുടുംബങ്ങൾ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെങ്കിലും ഫ്ലാറ്റിന്റെ ചുവരുകളിൽ നോട്ടീസ് പതിപ്പിച്ച് നഗരഭ സെക്രട്ടറി മടങ്ങുകയായിരുന്നു.
അതേസമയം, ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ലാറ്റുടമകൾ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഓണാവധി കഴിയുന്നതോടെ ഹൈക്കോടതിയെയും സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഫ്ലാറ്റുടമകൾ. ചൊവ്വാഴ്ചയോടെ കോടതിയില്‍ ഹർജി ഫയൽ ചെയ്യാനാണ് തീരുമാനം.