മരട് കേസിൽ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി

Jaihind News Bureau
Friday, September 27, 2019

മരട് കേസിൽ ഉടമകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. മരടിലെ താമസക്കാരെ ദുരിതത്തിലാക്കുകയല്ല കോടതിയുടെ ലക്ഷ്യം. നഷ്ടപരിഹാരം സർക്കാർ തന്നെ നൽകേണ്ടി വരുമെന്നും കോടതി അറിയിച്ചു. 4 ആഴ്ചയ്ക്ക് ഉള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം നഷ്ടപരിഹാരം നിർമ്മാതാക്കളിൽ നിന്ന് ഈടാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി വിശദീകരിച്ചു. ഫ്ലാറ്റ് നിര്‍മാതാക്കൾക്ക് കോടതി നോടീസ് അയക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

നഷ്ടപരിഹാരം ലഭിക്കും വരെ ഫ്ലാറ്റില്‍ താമസിക്കാൻ ഉടമകൾ അനുമതി തേടിയെങ്കിലും ഇത് കോടതി തള്ളി. 4 ആഴ്ചയ്ക്ക് അകം 25 ലക്ഷം ഫ്ലാറ്റുടമകൾക്ക് നൽകണം എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ബാക്കി നഷ്ടപരിഹാര തുക ഇതിനായി രൂപീകരിക്കുന്ന സമിതി നിശ്ചയിക്കും.

നിയമ ലംഘനത്തിന് പിന്നിലെ ഉത്തരവാദികളെയും സമിതി അന്വേഷിക്കണമെന്ന് ഉത്തരവിട്ട കോടതി ഫ്ലാറ്റ് നിർമാണക്കമ്പനികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവിട്ടു.

മരട് മുനിസിപ്പാലിറ്റിയിൽ 291 തീരദേശ പരിപാലന നിയമ ലംഘനം ഉണ്ടെന്ന് സർക്കാർ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.