കനത്ത മഴ; കണ്ണൂരിൽ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

Jaihind News Bureau
Saturday, July 20, 2019

കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിൽ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി. വെള്ളം കയറിയതിനെ തുടർന്ന് കണ്ണൂർ താലൂക്കിൽ 30 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.കാലവർഷം ശക്തമായതോടെ കണ്ണൂർ താലൂക്കിലെ വിവിധയിടങ്ങളിൽ 30 ഓളം വീടുകളിൽ വെള്ളം കയറി. താവക്കരയിലെ 15 വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഇവിടെയുള്ള ആളുകളെ മാറ്റിപ്പാർപ്പിച്ചു. 10 പേരെ താവക്കര സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കും മറ്റുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. കണ്ണൂർ പടന്നത്തോടിന് സമീപം പത്തിലധികം വീടുകളിലും പള്ളിക്കുന്ന് വില്ലേജിലെ നാല് വീടുകളിലും വെള്ളം കയറി. ഇതേ തുടർന്ന് ഇവിടെയുള്ളവരെ ഗവ. ടൗൺ ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കടമ്പൂർ വില്ലേജിലെ ആഡൂരിൽ ഒരു വീട്ടിലും വെള്ളം കയറി. ഇവിടെയുളള വീട്ടുകാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

തലശ്ശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്നു. കപ്പണ പറമ്പിൽ വി എം ഫാസിലിന്റെ വീടാണ് തകർന്നത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.തലശ്ശേരി നഗരത്തിലും തളിപ്പറമ്പിലും, ജില്ലയിലെ മലയോര മേഖലയിലും വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. തലശ്ശേരി നഗരത്തിലെ കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

https://youtu.be/IHEkaxQs9WU