കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലും കെ.എം മാണിക്ക് വികാരനിർഭരമായ യാത്രയയപ്പ്

webdesk
Thursday, April 11, 2019

കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലും കെ.എം മാണിക്ക് വികാരനിർഭരമായ യാത്രയയപ്പ്. കെ.എം മാണി എന്ന നേതാവിനെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരിക ബന്ധം ഉള്ള സ്ഥലം കൂടിയാണ് ഈ ഓഫീസ്. മാണി സാറിന്‍റെ വിയോഗത്തിലുണ്ടായ ശൂന്യത ഒരു പക്ഷേ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സ്ഥലവും ഇതേ ഓഫീസ് തന്നെയാകും.

കോട്ടയത്തെത്തിയാൽ കേരളാ കോൺഗ്രസിന്‍റെ പാർട്ടി ഓഫീസിൽ കയറുക എന്നത് കെ.എം മാണിയുടെ പതിവായിരുന്നു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ, രാത്രി ഏറെ വൈകി പതിവുതെറ്റിക്കാതെ മാണിസാർ എത്തി. പാർട്ടി ഓഫീസും പരിസരവും ജനനിബിഡമായിരുന്നു. ദുഖം തളം കെട്ടിയ അന്തരീക്ഷം.

കെഎം മാണിയും കോട്ടയത്തെ ഈ സംസ്ഥാന കമ്മിറ്റി ഓഫീസും തമ്മിൽ ഉള്ള ബന്ധം ഏറെ വൈകാരികമാണ്. രാഷ്ട്രീയ യാത്രകളിലെ പ്രധാന ഇടത്താവളം… കേരള കോൺഗ്രസിലെ പല സംഭവവികാസങ്ങൾക്കും നിശ്ചലമായി നിന്ന് സാക്ഷ്യം വഹിച്ച കെട്ടിടം…

1977ലാണ് കേരള കോൺഗ്രസ് ചെയർമാന്‍റെ പേരിൽ കെട്ടിടം വാങ്ങുന്നത്. ഓഫീസിൽ ഉള്ളപ്പോൾ മാണി സാറിന്‍റെ ഭക്ഷണവും വിശ്രമവും എല്ലാം മുകളിലത്തെ മുറിയിൽ ആണ്. പിന്നീട് ഗോവണി കയറാൻ ബുദ്ധിമുട്ടായതോടെ താഴത്തെ മുറിയിലേക്കാക്കി പതിവു മയക്കം. തെരഞ്ഞെടുപ്പ് അടുത്താൽ രാത്രി വൈകിയും മാണിസാറിനെ ഇവിടെ കാണാമായിരുന്നു. മറ്റൊരു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ അതേ ഓഫീസിൽ ഒരുവട്ടം കൂടി സന്ദർശനം നടത്തി മാണി സാർ മടങ്ങി.

പഴയ ഓഫീസ് കെട്ടിടം അതേ പ്രൗഡിയോടും പ്രതാപത്തോടും കൂടി ഇവിടെയുണ്ടാകും. പക്ഷേ ചിരിയോടൊപ്പം ഇടവിട്ടുള്ള ചുമയും തോളിൽതട്ടി പേര് വിളിച്ച് സംസാരിക്കാനും മാണിസാർ ആ കസേരയിൽ ഉണ്ടാകില്ല.