മാധ്യമങ്ങളോട് സംസാരിക്കാൻ ഭയമുളള പ്രധാനമന്ത്രി താനല്ല: മോദിയെ ട്രോളി മൻമോഹൻ സിംഗ്

B.S. Shiju
Wednesday, December 19, 2018

manmohan-singh-Changing-India

മാധ്യമങ്ങളോട് സംസാരിക്കാൻ ഭയമുളള പ്രധാനമന്ത്രി താനല്ലെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പരാമർശം രാജ്യത്ത് ചർച്ചയാകുന്നു. ചെയ്ഞ്ചിംഗ് ഇന്ത്യ എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് മോദിക്കെതിരെ പരിഹാസ പരാമർശവുമായി മൻമോഹൻ സിംഗ് രംഗത്തു വന്നത്. നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ മടിക്കുന്നത് തുറന്നു കാട്ടിയുള്ള മുൻ പ്രധാനമന്ത്രിയുടെ ഒളിയമ്പായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. താൻ മൗനിയായ പ്രധാനമന്ത്രി ആയിരുന്നുവെന്നാണ് ആളുകൾ പറയുന്നു. എന്നാൽ താൻ മാധ്യമങ്ങളോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രി ആയിരുന്നില്ല. താൻ നിരന്തരമായി മാധ്യമങ്ങളെ കണ്ടിരുന്നു. എല്ലാ വിദേശ യാത്രകൾക്ക് ശേഷവും മാധ്യമങ്ങളെ കാണാൻ ശ്രദ്ധിച്ചിരുന്നുവെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

2014ൽ അധികാരത്തിലേറിയ ശേഷം ഒരു പത്ര സമ്മേളനം പോലും വിളിക്കാത്തതിന്റെ പേരിൽ ഏറെ വിമർശനങ്ങളാണ് നരേന്ദ്ര മോദി ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ്യൻ രാഹുൽ ഗാന്ധി തന്നെ ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ഒരിക്കലെങ്കിലും പത്രസമ്മേളനം വിളിച്ച് നോക്കൂ, നമുക്ക് നേരെ വരുന്ന ചോദ്യങ്ങളെ നേരിടുന്നത് രസകരമാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. ഇതിനു പിന്നാലെയാണ് മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗും മോദിക്കെതിരെ രംഗത്തു വന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുന്നതായി വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ ആക്രമണങ്ങൾക്ക് മൂർച്ചയേറുന്നത്. അധികാരത്തിലേറിയ ശേഷമുള്ള മോദിയുടെ സേച്ഛാധിപത്യ പ്രവണതകൾക്കെതിരായ പ്രതികരണങ്ങൾ പ്രതിപക്ഷകക്ഷികൾക്ക് പുറമേ ബി.ജെ.പിയിൽ നിന്നും ഉയർന്നു വരുന്നുണ്ട്. അമിത്ഷാ- മോദി നേതൃത്വത്തെ ചോദ്യം ചെയ്ത് ബി.ജെ.പിക്കുള്ളിൽ ഉയർന്നു വരുന്ന എതിർപ്പിനെ ഇല്ലാതാക്കാൻ നേതൃതലത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്. മോദിയുടെ വികലമായ നയങ്ങളാണ് ബി.ജെ.പിക്ക് തിരിച്ചടി സമ്മാനിച്ചതെന്ന വിലയിരുത്തലാണ് പാർട്ടി എം.പിമാരിൽ ഭൂരിഭാഗത്തിനുമുള്ളത്. ഇതു തുറന്നു പറയാൻ ആരും മുന്നോട്ടു വന്നിട്ടില്ലെന്നതാണ് വസ്തുത.