മധുരരാജയ്ക്ക് ശേഷം മമ്മൂട്ടി നായകനായി തിയേറ്ററില്‍ എത്തിയ സിനിമ ‘ഉണ്ട’ മികച്ച പ്രേക്ഷക പ്രതികരണവുമായി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മൂവി മില്‍, ജെമിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ഖാലിദ് റഹ്മാന്‍ സംവിധാനവും ക്യഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മാണവും നിര്‍വഹിച്ച ചിത്രത്തിന്‍റെ ഛായഗ്രഹണം സജിത്ത് പുരുഷന്‍ ആണ്. ഇലക്ഷന്‍ ഡ്യൂട്ടി നിര്‍വഹണത്തിന്‍റെ ഭാഗമായി മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഛത്തീസ്ഗഢിലെ ഒരു ഉള്‍നാടന്‍ പ്രദേശത്തേക്ക് യാത്ര തിരിക്കേണ്ടി വന്ന ഒരു സംഘം പോലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്.
സ്വാഭാവികമായ സംഭാഷണ ശൈലിയും നൈസര്‍ഗികമായ അഭിനയ മികവും കൊണ്ട് സിനിമയിലെ കഥാപാത്രങ്ങള്‍ എല്ലാം മികവുറ്റതായി മാറി. മണികണ്ഠന്‍ സി.പി എന്ന സബ് ഇന്‍സ്പെക്ടര്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ അശോക്, ഷൈന്‍ ടോം ചാക്കോ, ഗോകുല്‍ എം, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ് തുടങ്ങിയ യുവതാരനിര അണിനിരക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത്, ദീലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ആസിഫ് അലി, വിനയ് ഫോര്‍ട്ട് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഹര്‍ഷാദ് തിരക്കഥ എഴുതിയ സിനിമയുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് പിളളയാണ്.
മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ തമിഴ് ചിത്രം പേരന്‍പ് , തെലുങ്ക് ചിത്രം ‘യാത്ര’ എന്നിവ മികച്ച വിജയം കൈവരിച്ചുവെങ്കിലും മമ്മൂട്ടിയുടേതായി മലയാളത്തില്‍ പുറത്തിറങ്ങിയ മധുരരാജ ഒരു ആക്ഷന്‍ സിനിമ എന്നതിലപ്പുറം ക്ലാസിക്ക് സിനിമ എന്ന ഗണത്തിലേക്ക് കടന്നിരുന്നില്ല. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ ഇലക്ഷനെ പോലും വെല്ലുവിളിക്കുന്ന യാഥാസ്ഥിതിക സംഭവങ്ങളെ ആസ്പദമാക്കിയാണ് ‘ഉണ്ട’ യുടെ കഥാതന്തു ഒരുക്കിയിരിക്കുന്നത്.
യവനികയിലെ ജേക്കബ് ഈരാളിയില്‍ തുടങ്ങി ആവനാഴി, ഡാഡി കൂള്‍ , അബ്രഹാമിന്‍റെ സന്തതികള്‍, രാക്ഷസരാജാവ്, കസബ എന്നിങ്ങനെ പത്തിലേറെ സിനിമകളില്‍ പോലീസ് വേഷത്തില്‍ മമ്മൂട്ടി എത്തിയപ്പോഴെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഒരു ഹീറോ ഓറിയന്‍റഡ് പടമല്ല, മറിച്ച് ഒരു ടീം വര്‍ക്ക് കഥ പറയുന്ന ചിത്രമാണ് ‘ഉണ്ട’. കാക്കികുപ്പായം അതിമാനുഷിക കഴിവ് നല്‍കുന്ന ഒന്നല്ലെന്നും വികാരവും, വിചാരവും, കുടുംബവുമെല്ലാം ഉളള സാധാരണക്കാര്‍ തന്നെയാണ് ഇക്കൂട്ടര്‍ എന്നും ഓര്‍മപ്പെടുത്തുന്ന പല ഭാഗങ്ങളും ചിത്രത്തില്‍ കാണാന്‍ സാധിക്കും.
സിനിമയില്‍ അര്‍ജുന്‍ അശോന്‍ അവതരിപ്പിച്ച ഗീരീഷന്‍ വളരെ അനുസരണശാലിയും ആത്മാര്‍ത്ഥയും ഉളള ഒരു ചെറുപ്പക്കാരനായ പോലീസുകാരനായിട്ടാണെങ്കില്‍ മുന്‍ശുണ്ഠിക്കാരനായ ജോജോ സാംസന്‍റെ വേഷം ഷൈന്‍ ടോം ചാക്കോയും ഗംഭീരമാക്കി. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും പച്ചയായ മനുഷ്യ ജീവിതവും എല്ലാം സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. രാജ്യം നേരിടുന്ന ജലക്ഷാമം, അരാഷ്ട്രീയത, മാവോയിസ്റ്റ് ഭീഷണി തുടങ്ങിയ കാലിക പ്രസക്തിയുളള വിഷയങ്ങള്‍ എല്ലാം തന്നെ ഉണ്ടയിലൂടെ സംവിധായകന്‍ തുറന്നുകാട്ടിയിട്ടുണ്ട്.
രണ്ടു മണിക്കൂര്‍ പത്തു മിനിട്ടാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. മികച്ച സംവിധാന മികവും ദ്യശ്യഭംഗി ഒപ്പിയെടുക്കുന്നതില്‍ ക്യാമറാമാന്‍ കാണിച്ച കരവിരുതുംകൂടിചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ‘ഉണ്ട’ നല്ലൊരു ആസ്വാദന അനുഭവം ആയിരിക്കും എന്നതില്‍ സംശയം വേണ്ട.