ശാരദ ചിട്ടി തട്ടിപ്പുകേസ്: മമതയുടെ വിശ്വസ്തനെ കസ്റ്റഡിയില്‍ എടുക്കാന്‍ അനുമതി; രാജീവ് കുമാറിന് ഒരാഴ്ച്ചത്തെ സമയം

Jaihind Webdesk
Friday, May 17, 2019

ന്യൂഡല്‍ഹി : ശാരദ ചിട്ടി തട്ടിപ്പുകേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടി. മമതയുടെ വിശ്വസ്തനായ മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ സി.ബി.ഐക്ക് സുപ്രീംകോടതി അനുമതി. നേരത്തെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കി. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ രാജീവ് കുമാറിനെ കസ്റ്റഡയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിച്ച സുപ്രീംകോടതി വിധി വലിയ തിരിച്ചയാണ് മമതാ ബാനര്‍ജിക്ക്.

അന്വേഷണവുമായി രാജീവ് കുമാര്‍ വേണ്ട രീതിയില്‍ സഹകരിക്കുന്നില്ലെന്നും, കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സിബിഐ വാദിച്ചു. ഇതേത്തുടര്‍ന്നാണ് ശാരദ ചിട്ടിതട്ടിപ്പ് കേസിലെ മുന്‍ അന്വേഷണ സംഘം തലവനായ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുവാദം നല്‍കിയത്.

ഒരാഴ്ചയ്ക്കകം അറസ്റ്റില്‍ നിന്നുള്ള വിലക്ക് ഇല്ലാതാകും. ഇതോടെ നിയമപ്രകാരമുള്ള നടപടികള്‍ സിബിഐക്ക് സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ കേസില്‍ രാജീവ് കുമാറിന്റെ അറസ്റ്റ് വിലക്കിയിരുന്ന സുപ്രിംകോടതി, ഷില്ലോംഗില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. ആദ്യം സിബിഐയോട് സഹകരിക്കാതിരുന്ന രാജീവ് കുമാര്‍ സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് സിബിഐ മുമ്പാകെ ഹാജരായത്.

മമത ബാനര്‍ജിയുടെ അടുത്ത അനുയായി കൂടിയായ രാജീവ് കുമാറിനെതിരെ അടുത്തിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ജനറലായിരുന്ന രാജീവ് കുമാറിനെ ആ പദവിയില്‍ നിന്നും മാറ്റുകയും, ന്യൂഡല്‍ഹിയില്‍ നിയമിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് മമത രംഗത്തുവരികയും ചെയ്തിരുന്നു.